naval-exercise

ന്യൂഡല്‍ഹി:അമേരിക്കയും ഇന്ത്യയും ഉള്‍പ്പെടെ നാലു പ്രമുഖ രാജ്യങ്ങളുടെ നാവിക സേനകള്‍ പങ്കെടുക്കുന്ന മലബാര്‍ നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടം നാളെ മുതല്‍. അറബിക്കടലില്‍ ഗോവന്‍ തീരത്താണ് നവംബര്‍ 17മുതല്‍ 20 വരെ മലബാര്‍ നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടം. ആദ്യ ഘട്ടം ബംഗാള്‍ ഉള്‍ക്കടലില്‍ വിശാഖപട്ടണത്തിന് സമീപമായിരുന്നു.

ഏദന്‍ കടലിടുക്ക് മുതല്‍ മലാക്കാ കടലിടുക്ക് വരെയുള്ള ഭാഗത്ത് ചൈനീസ് കടന്നുകയറ്റം തടയുക എന്നതാണ് മലബാര്‍ നാവികാഭ്യാസത്തിന്റെ ഒരു ലക്ഷ്യം. അമേരിക്കയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലായ നിമിറ്റ്സും ഇന്ത്യയുടെ ഐ.എന്‍.എസ് വിക്രമാദിത്യയും ഈ നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നത് ചൈനയ്ക്ക് വ്യക്തമായ സന്ദേശം നല്‍കാന്‍ ഉദ്ദേശിച്ചാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

കഴിഞ്ഞ ആറുമാസമായി യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍, മലബാര്‍ നാവികാഭ്യാസത്തെ ലോകരാജ്യങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്. ഇന്ത്യക്ക് പുറമേ ചൈനയുമായി വിവിധ വിഷയങ്ങളില്‍ തര്‍ക്കം നില്‍ക്കുന്ന രാജ്യങ്ങളാണ് നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്ന മറ്റുരാജ്യങ്ങള്‍. അമേരിക്ക, ഓസ്‌ട്രേലിയ എന്നി രാജ്യങ്ങള്‍ക്ക് പുറമേ ജപ്പാനാണ് നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്ന നാലാമത്തെ രാജ്യം. പത്തുവര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ നാവികാഭ്യാസമാണിത്.

അമേരിക്കയുടെയും ജപ്പാന്റെയും ഓസ്‌ട്രേലിയയുടെയും അത്യാധുനിക യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളുമാണ് ഇന്ത്യയ്‌ക്കൊപ്പം നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്. മലബാര്‍ നാവികാഭ്യാസത്തിന്റെ 24ാം പതിപ്പാണ് നടക്കുന്നത്. ഇന്ത്യന്‍ നാവികസേന (ഐ.എന്‍), യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേവി (യു.എസ്.എന്‍), ജപ്പാന്‍ മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ് (ജെ.എം.എസ്.ഡി.എഫ്), റോയല്‍ ഓസ്‌ട്രേലിയന്‍ നേവി (ആര്‍.എന്‍) എന്നിവരാണ് നാവികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്.