sexual-abuse

ബസിൽ യാത്ര ചെയ്യവേ താൻ നേരിട്ട അങ്ങേയറ്റം മോശമായ അനുഭവം ഫേസ്ബുക്കിലൂടെ വിശദീകരിച്ച് പെൺകുട്ടി. കഴിഞ്ഞ ശനിയാഴ്ച ആലുവയിൽ നിന്നും ചാലക്കുടിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് വഴി യാത്ര ചെയ്യുകയായിരുന്ന മാദ്ധ്യമപ്രവർത്തക കൂടിയായ സാന്ദ്ര എന്ന് പേരുള്ള പെൺകുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. സാന്ദ്രയുടെ എതിർവശത്തെ സീറ്റിലിരുന്ന അറുപതിനോടടുത്ത് പ്രായമുള്ള ആൾ ഇവരെ നോക്കികൊണ്ട് സ്വയംഭോഗം ചെയ്യുകയായിരുന്നു.

ഇക്കാര്യം തന്റെ മൊബൈലിൽ ചിത്രീകരിച്ച പെൺകുട്ടി ഈ വിവരം ബസിന്റെ ഡ്രൈവറെയും കണ്ടക്ടറെയും ഉടൻ തന്നെ അറിയിക്കുകയും തുടർന്ന് യാത്രക്കാരെല്ലാവരും കൂടി ഇയാളെ ചാലക്കുടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയുമായിരുന്നു. തക്കസമയത്ത് തന്നെ സഹായിക്കാൻ മനസ് കാട്ടിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും നാട്ടുകാർക്കും തന്റെ കുറിപ്പിലൂടെ പെൺകുട്ടി നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്.

കുറിപ്പ് ചുവടെ:

'പൊതു ഇടത്ത് വെച്ചോ അല്ലാതെയോ നിങ്ങളെ നോക്കി ഏതെങ്കിലും ഒരു പുരുഷൻ സ്വയംഭോഗം ചെയ്തിട്ടുണ്ടോ?നിങ്ങൾ അറിയാത്ത ഒരാൾ.. നിങ്ങൾ അത് കാണുകയും സ്തബ്ധരായി നിൽക്കുകയും ചെയ്തിട്ടുണ്ടോ? ഇക്കഴിഞ്ഞ ശനിയാഴ്ച്ച ആലുവയിൽ നിന്നും ചാലക്കുടിയിലേക്ക് KSRTC ബസിൽ സഞ്ചരിക്കുകയായിരുന്നു ഞാൻ. സമയം രാവിലെ 11 മണി. ബസിൽ ആളുകൾ കുറവായിരുന്നു. എങ്കിലും ഞാൻ ഇരുന്ന സീറ്റിന്റെ മുന്നിലും പിന്നിലും യാത്രക്കാർ ഉണ്ടായിരുന്നു. കൊരട്ടി ഭാഗത്തേക്ക്‌ എത്തുമ്പോഴാണ് എന്റെ എതിർ വശത്തിരുന്ന ഒരു മനുഷ്യൻ വല്ലാതെ വിറക്കുന്നതായി ശ്രദ്ധയിൽ പെട്ടത്. അപസ്മാരം ഇളകുന്നതാണെന്ന് കരുതി ഞാൻ നോക്കിയപ്പോൾ കണ്ടത് ഏകദേശം അറുപതിനോട് അടുത്ത് പ്രായമുള്ള ഒരു വ്യക്തി എന്നെ നോക്കി സ്വയംഭോഗം ചെയ്യുന്നു!

കാമാർത്തനായ അയാളുടെ കണ്ണുകൾ എന്നെ (എന്റെ ശരീരം) കൊത്തി വലിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു നിമിഷം..ഞാൻ ശ്വാസം ഉള്ളിൽ ഒതുക്കി മൊബൈൽ ക്യാമറയിൽ ആ ദൃശ്യങ്ങൾ പകർത്തി. അപ്പോഴും ഇതൊന്നും അറിയാതെ അയാൾ ചെയ്യുന്ന പ്രവർത്തി തുടർന്നു. ഞാൻ വേഗം കണ്ടക്ടർ, ഡ്രൈവർ എന്നിവരെ വിവരം അറിയിച്ചു. ഇതറിഞ്ഞ അയാൾ ബസിൽ നിന്ന് ഇറങ്ങി പോകാൻ നോക്കി. യാത്രക്കാർ പിടികൂടി.. അവസാനം ചാലക്കുടി പോലീസ് സ്റ്റേഷനിൽ അയാളെ ഏൽപ്പിച്ചു. ആദ്യം മുതൽ എന്റൊപ്പം നിന്ന KSRTC ജീവനക്കാർക്ക് നന്ദി. നല്ലവരായ നാട്ടുകാർക്കും.

2 days ഞാൻ വല്ലാത്ത മാനസിക അവസ്ഥയിൽ ആയിരുന്നു. എന്നെ സപ്പോർട്ട് ചെയ്തവരേക്കാൾ എന്നെ കുറ്റപ്പെടുത്തിയവരും ഇണ്ട്. എന്തിന് യാത്ര ചെയ്തു, കണ്ടു എങ്കിൽ മാറി ഇരിക്കണാരുന്നു, ശ്രെദ്ധിക്കാതെ ഇരുന്നൂടെ... തുടങ്ങിയ പലതും ഞാൻ കേട്ടു. കേസിനു ഞാൻ പോയില്ല. വേറൊന്നും അല്ല, കേസ് ആക്കി അയാളെ തടവിൽ ഇട്ടാലും... ഇയാളെ പോലെ ആയിരങ്ങൾ വന്നു കൊണ്ടിരിക്കും. മുൻപ് ഇയാൾ പലരെയും ഇങ്ങനെ കാണിച്ചിട്ടുണ്ടാവാം. അവർ പ്രതികരിക്കാതെ ഇരുന്നിട്ടാവാം ഒടുവിൽ എന്റെ അടുത്തും ഇങ്ങനെ വന്നത്. ചെയ്യാവുന്നത് ഒറ്റകാര്യം.! ഇത്തരം അനുഭവം ഇണ്ടായാൽ നമ്മളെകൊണ്ട് പറ്റുന്ന പോലെ പ്രതികരിക്കുക.'