വാഷിംഗ്‌ടൺ: യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഇനിയും ജോ ബെെഡനെതിരെ തോൽവി സമ്മതിക്കാൻ തയ്യാറാകാതെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിൽ താനാണ് ജയിച്ചതെന്ന് ട്രംപ് വീണ്ടും തന്റെ ട്വീറ്റിൽ കുറിച്ചു. തിരഞ്ഞടുപ്പിൽ ബെെഡൻ ജയിച്ചത് അട്ടിമറിയിലൂടെയാണെന്നും ട്രംപ് ആവർത്തിച്ചു.
എന്നാൽ അടിസ്ഥാന രഹിതമായ ട്രംപിന്റെ ആരോപണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കോടതിയും തള്ളിയിരുന്നു. തിരഞ്ഞെടുപ്പിൽ അട്ടിമറിയോ തിരിമറിയോ നടന്നതിന് തെളിവില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞത് ട്രംപിന് തിരിച്ചടിയായി. എന്നിട്ടും തോൽവി സമ്മതിക്കാത്ത ട്രംപിന്റെ തുടർ നടപടികൾ എന്താകുമെന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും.
538 ഇലക്‌ടറൽ കോളേജുകളിൽ 270 വോട്ട് നേടിയ ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജോ ബെെഡനെ യു.എസ് മാദ്ധ്യമങ്ങൾ വിജയിയായി പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ളിക്ക് സ്ഥാനാർത്ഥി ട്രംപിന് 232 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പെൻസിൽവാനിയ, നെവാഡ, മിഷിഗൺ, ജോർജിയ, അരിസോണ തുടങ്ങി സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിൽ അട്ടിമറി നടന്നുവെന്നും ഇവിടങ്ങളിൽ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്നുമാണ് ട്രംപിന്റെ ആവശ്യം.
I won the Election!
— Donald J. Trump (@realDonaldTrump) November 16, 2020