ഒരു ചെറുപ്പകാരന്റെയൊപ്പം ഫോട്ടോഷൂട്ട് നടത്തിയതിന് സൈബർ, സദാചാര ആക്രമണം നേരിടേണ്ടി വന്നതിൽ പ്രതികരിച്ച് മോഡലായ അർച്ചന അനില രംഗത്ത്. ഇൻസ്റ്റാഗ്രാമിലിട്ട ഒരു ലൈവ് വീഡിയോയിലൂടെയാണ് അർച്ചന ഇതിനെതിരെയുള്ള തന്റെ പ്രതികരണം അറിയിച്ചത്.
ഫോട്ടോകൾ പോസ്റ്റ് ചെയ്യുമ്പോൾ മുൻപും തനിക്ക് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുന്ന അർച്ചന, എന്നാൽ തന്റെ അക്കൗണ്ടിൽ വന്ന് മോശം കമന്റുകൾ പോസ്റ്റ് ചെയ്തവർ തന്റെ അച്ഛനും അമ്മയും ഉൾപ്പെടെയുള്ളവരെയാണ് ചീത്ത വിളിച്ചിരിക്കുന്നതെന്നും അത് തനിക്ക് സഹിക്കാൻ കഴിയുന്നതല്ലെന്നും യുവതി പറയുന്നു.
ഫോട്ടോഷൂട്ടിൽ താൻ വസ്ത്രമില്ലാതെയല്ല താൻ പ്രത്യക്ഷപ്പെട്ടതെന്നും കുറച്ച് ശരീരഭാഗങ്ങൾ മാത്രമാണ് പുറത്ത് കാണുന്നതെന്നും അർച്ചന പറയുന്നു. വ്യാജ ഐഡികൾ വഴി തന്റെ ചിത്രങ്ങൾ കണ്ട് ആസ്വദിച്ച ശേഷം തന്നെ മോശം വാക്കുകൾ കൊണ്ട് അപമാനിക്കാൻ ശ്രമിക്കരുതെന്നും അർച്ചന പറയുന്നു.
ബിക്കിനി ധരിച്ച ഫോട്ടോഷൂട്ട് എപ്പോൾ നടത്തും എന്ന് ചോദിച്ച് കളിയാക്കുന്നവരോട് 'അത് ഉടനെ ഉണ്ടാകും' എന്നും അർച്ചന പരിഹാസരൂപേണ മറുപടി നൽകുന്നു. തനിക്ക് തന്റെ വീട്ടുകാരുടെ പിന്തുണയുണ്ടെന്നും അതിനാൽ യാതൊരു ഭയങ്ങളുമില്ലെന്നും അർച്ചന അനില തന്റെ വീഡിയോയിലൂടെ പറയുന്നുണ്ട്.