താൻ ഇസ്ളാം മതം സ്വീകരിക്കുവാൻ ആലോചിക്കുന്നതായി ദളിത് യുവതിയായ ചിത്രലേഖ. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഇവർ ഇക്കാര്യം അറിയിച്ചത്. ജാതിവിവേചനം മൂലമാണ് ഇത്തരത്തിലെ ഒരു തീരുമാനത്തിലേക്ക് താൻ എത്തുന്നതെന്നും എവിടെയും ജീവിക്കാൻ സമ്മതിക്കാതെ സി.പി.എം തനിക്കെതിരെ അതിക്രമങ്ങൾ തുടരുകയാണെന്നും ഓട്ടോഡ്രൈവറായി ജോലി നോക്കിയിരുന്ന യുവതി വിശദീകരിക്കുന്നുണ്ട്. ഭരണകൂടത്തിൽ നിന്നോ കോടതിയിൽ നിന്നോ നീതി ലഭിക്കുമെന്ന പ്രതീക്ഷ തനിക്കിപ്പോൾ ഇല്ലെന്നും ഇക്കാരണത്താലാണ് ഇതുവരെ ജീവിച്ചിരുന്ന സ്വത്വം വിട്ട് ഇസ്ളാം മതത്തിലേക്ക് പോകാൻ താൻ ആലോചിക്കുന്നതെന്നും ചിത്രലേഖ പറയുന്നു. 'ലവ് ജിഹാദ് പണം' എന്നും പറഞ്ഞുകൊണ്ട് ആരും ഈ വഴിക്ക് വരേണ്ടതില്ലെന്നും ഇവർ പറയുന്നുണ്ട്.
കുറിപ്പ് ചുവടെ:
'പുലയ സ്ത്രീയായി ജനിച്ചത് കൊണ്ടും സി.പി.എം എന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ ജാതി വിവേചനത്തിനെ ചോദ്യം ചെയ്തത് കൊണ്ടും തൊഴിൽ ചെയ്തു ജീവിക്കാൻ സമ്മതിക്കാതെ നിരന്തരം അക്രമിക്കുകയും ജനിച്ച നാട്ടിൽ നിന്നും പാലായനം ചെയ്യേണ്ടിയും വന്ന എനിക്ക് അവിടെയും ജീവിക്കാൻ സമ്മതിക്കാതെ സി.പി.എം പാർട്ടിയുടെ ആക്രമങ്ങൾ തുടരുന്നു ഈ ഭരണകൂടത്തിൽ നിന്നോ കോടതിയിൽ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായിരുന്നു ഇക്കാരണത്താൽ ഞാൻ ഇതുവരെ ജീവിച്ചുപോന്ന സത്വം വിട്ട് ഇസ്ലാം സ്വീകരിക്കാനുള്ള ആലോചനയിലാണ് ഇരുപതു വർഷക്കാലത്തോളം സിപിഎംന്റെ ആക്രമാണത്തിനെതിരെ ഒറ്റയ്ക്ക് പോരാടി ഇനിയും പിടിച്ചുനിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇങ്ങനൊരു ആലോചന ആഗ്രെഹിക്കുന്നത് ലവ് ജിഹാദ് പണം എന്ന പേരും പറഞ്ഞു ആരും ഈവഴിക്കു വരണ്ട കാരണം പുരോഗമന കപട മതേതര പാർട്ടിയായ സിപിഎംന് മുന്നിൽ ഇനിയും സ്വര്യമായി ഇരുട്ടിന്റെ മറപിടിച്ചു ആക്രെമിക്കുന്ന സിപിഎംനേ ഭയമില്ലാതെ തൊഴിൽ ചെയ്തു ജീവിക്കണം സ്വന്തമായി ഒരു വീട്ടിൽ അന്തിയുറങ്ങണം എന്ന ആഗ്രഹം'