ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. നവംബറിൽ കൊവിഡ് രോഗവ്യാപനം ആഗോള തലത്തിൽ തന്നെ ഏറ്റവും കൂടുതൽ മോശമായി ബാധിച്ച നഗരമായി മാറിയിരിക്കുകയാണ് ഡൽഹി.
റിപ്പോർട്ടുകൾ പ്രകാരം ആഗസ്റ്റിൽ ബ്രസീലിലെ സാവോ പോളോയിൽ പ്രതിദിനം മൂവായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ന്യൂയോർക്കിൽ ഏപ്രിലിലുണ്ടായ കുതിച്ചുകയറ്റത്തിൽ അയ്യായിരത്തിലധികം കേസുകളും റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ ഡൽഹിയിൽ നവംബർ മാസത്തിലുണ്ടായ കുതിച്ചുകയറ്റത്തിൽ പ്രതിദിനം 8,593 ഓളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.
നവംബർ 11ന് 8,593, നവംബർ 10ന് 7,830, നവംബർ 13ന് 7,802, നവംബർ 8ന് 7,745 എന്നിവയാണ് ഡൽഹിയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ രേഖപ്പെടുത്തിയ മറ്റു ദിവസങ്ങൾ. കൊവിഡ് കേസുകൾ ഉയരുന്നതിനൊപ്പം ഡൽഹിയിലെ മരണ നിരക്കും കുത്തനെ ഉയർന്നിരിക്കുന്നതും ആശങ്കാജനകമാണ്. ഇതുവരെ 1103 മരണങ്ങളാണു ഡൽഹിയിലുണ്ടായത്. പ്രതിദിനം ശരാശരി 73.5 മരണം. ഇതുവരെ 7614 പേരാണ് ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.
ഡൽഹിയിൽ കൊവിഡ് രൂക്ഷമായതോടെ ഞായറാഴ്‌ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു ചേർത്തിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നിലവിലെ ചികിത്സാ സൗകര്യങ്ങൾ യോഗം വിലയിരുത്തി. വെന്റിലേറ്റർ സഹായമുള്ള കിടക്കകളുടെ ലഭ്യത കൂട്ടാനും കൊവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.