nayanthara

നി​ങ്ങൾ പറയുന്നത് ഞാൻ കേൾക്കുകയും അനുസരി​ക്കുകയും ചെയ്യുന്നുണ്ടെങ്കി​ൽ എനി​ക്ക് പറയാനുള്ളതും നി​ങ്ങൾ കേൾക്കണം" ഏതെങ്കിലും സൂപ്പർസ്റ്റാർ നായകൻ വില്ലനോട് പറയുന്ന വെറും ഡയലോഗല്ല ഇത്. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷണമുള്ള നയൻതാര തുറന്നുപറയുന്ന തന്റെ അഭിപ്രായമാണ്. ആണധികാരം ഇന്നും പ്രത്യക്ഷമായും പരോക്ഷമായും നിലനിൽക്കുന്ന സിനിമാ മേഖലയിൽ ഇത്തരമൊരു ഉറച്ച അഭിപ്രായം പറയാൻ കഴിയുന്ന ഒരു നയൻതാരയേ ഉള്ളൂ. അതിനായി അവർ കടന്നുവന്ന വഴി പൂമൊട്ടുകൾ വിതറിയതായിരുന്നില്ല. കല്ലും മുള്ളും മലയും പാറയും നിറഞ്ഞ കഠിനമായ വഴിയായിരുന്നു. ആ വഴിയിലെ പ്രതിബന്ധങ്ങൾ തരണം ചെയ്ത് അവർ അമർന്നത് ലേഡി സൂപ്പർ സ്റ്റാർ കസേരയിലാണ്. മനസിനക്കരയിലെ ഗൗരിയായി വന്ന് പ്രേക്ഷക മനസ് കീഴടക്കിയ നയൻതാര ഇന്ന് തന്റെ 36-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ കരിയറിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ഒരു കഥാപാത്രം നയൻസിന്റേതായി മിനിസ്ക്രീനുകളിൽ ഓടുകയാണ്. ദൈവ പരിവേഷമുള്ള മൂക്കുത്തി അമ്മനായാണ് നയൻസ് ഇക്കുറി തന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പട്ടിക പുതുക്കിയിരിക്കുന്നത്. ലവ് ആക്ഷൻ ഡ്രാമയ്ക്കു ശേഷം വീണ്ടും മലയാളത്തിൽ എത്തുകയാണ് താരമെന്ന പ്രത്യേകതയുമുണ്ട്.

നാടൻ പെണ്ണിൽ നിന്ന്

മോഡേൺ ലേഡിയായി

പച്ചക്കറി തൂക്കി വാങ്ങുന്ന മൊത്ത വിൽപ്പനക്കാരനോട് അണ പൈസയ്ക്ക് കണക്കു പറയുന്ന ഒരു ചെറിയ യാത്രയിൽ പോലും ബിസിനസ് കാണുന്ന കണിശക്കാരിയായ ഗൗരിയായാണ് നയൻതാര 2003ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെയിൽ അഭിനയിച്ചത്. കഥാപാത്രത്തിന്റെ ചെറിയ ഭാവങ്ങൾ പോലും മികച്ചതാക്കിയ താരത്തിനെ തേടി നിരവധി കഥാപാത്രങ്ങൾ വന്നു. എന്നാൽ, രാശി തെളിഞ്ഞത് തമിഴകത്തായിരുന്നു. 2005 ജനുവരിയിൽ റിലീസായ അയ്യയിൽ ശരത്കുമാറിന്റെ നായികയായാണ് നയൻതാര തമിഴിൽ തുടക്കം കുറിച്ചത്. അതിനു പിന്നാലെ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ നായികയായി ചന്ദ്രമുഖി റിലീസായി. അത് നയൻസിന്റെ തലവര തന്നെ മാറ്റി. രജനിയുടെ നായികയെ തമിഴകം ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇതിനകം സിനിമയിൽ തന്റേതായ മുദ്ര പതിപ്പിക്കാൻ നയൻസിനു കഴിഞ്ഞു. തന്റെ കഥാപാത്രങ്ങളിൽ മാത്രമല്ല ലുക്കിലും അടിമുടി മാറുകയായിരുന്നു നയൻതാര.

തുല്യതയാണ് വേണ്ടത്

ആണിനും പെണ്ണിനും സിനിമയിൽ തുല്യതയാണ് വേണ്ടതെന്ന് പ്രവൃത്തിയിലൂടെ നയൻസ് തെളിയിച്ചുതന്നു. ജീവിതത്തിലെ പല മോശം അനുഭവങ്ങളും അവരെ വേണമെങ്കിൽ ഒരു പുരുഷ വിരോധിയാക്കി മാറ്റാമായിരുന്നു. എന്നാൽ, ഒരിക്കലും അത്തരം ഒരു പ്രസ്താവനയും നയൻസ് നടത്തിയിട്ടില്ല. പകരം തന്റെ വഴി ഇതാണ് എന്ന് കാട്ടിത്തന്നു. സിനിമയിൽ നിന്ന് കുറച്ചുനാൾ ഇടവേളയെടുത്ത് മാറി നിന്ന നയൻതാര തിരിച്ചുവന്നത് ആറ്റ്‌ലിയുടെ രാജാ റാണി എന്ന ചിത്രത്തിലൂടെയായിരുന്നു. അവിടെ നിന്ന് ശക്തയായ നയൻസിനെ പ്രേക്ഷകർ കണ്ടു. 2014ൽ അനാമിക എന്ന തെലുങ്ക് ചിത്രത്തിൽ ആദ്യമായി ടൈറ്റിൽ റോൾ ചെയ്തു. പിന്നീട് ഡോറ, അറം, കോലമാവ് കോകില, ഇമൈക്കാ നൊടികൾ തുടങ്ങി മൂക്കുത്തി അമ്മൻ വരെ എത്രയോ ചിത്രങ്ങൾ നായകന്റെയോ ശക്തമായ ആൺ കഥാപാത്രത്തിന്റെയോ പിൻബലമില്ലാതെ നയൻസ് വിജയിപ്പിച്ചിരിക്കുന്നു. മറ്റുള്ള നായികമാർക്ക് പ്രചോദനമായിരിക്കുന്നു. നയൻതാര കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ഒരു കാമുകന്റെയോ ഭർത്താവിന്റെയോ കഥാപാത്രവുമായി പിന്നണി പ്രവർത്തകർ വന്നാൽ താരം ആദ്യം തിരക്കുന്നത് ആ സിനിമയിൽ അവർ അത്യാവശ്യമാണോ എന്നാണ്. എങ്കിൽ മാത്രമേ നയൻസ് അതിനു സമ്മതം മൂളാറുള്ളൂ. അത് തന്റെ പിടിവാശിയായി കരുതിയാലും പ്രശ്നമില്ലെന്നാണ് താരം പറയുന്നത്.

ആ പദവി തരുന്ന ഉത്തരവാദിത്തം

ഒരു അഭിമുഖത്തിൽ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുമ്പോൾ സന്തോഷത്തെക്കാൾ കൂടുതൽ ഭയമാണ് തനിക്ക് തോന്നുകയെന്ന് താരം പറഞ്ഞു. ആ പദവി പ്രേക്ഷകർ ഏൽപ്പിക്കുന്ന ഒരു ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം മികച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിയുമോയെന്ന് പേടിയോടെയാണ് ഓരോ സിനിമയെയും സമീപിക്കുന്നതെന്നും താരം പറഞ്ഞു.

അഭിമുഖമോ വേണ്ടേ.. വേണ്ട

കഴിഞ്ഞ പത്തു വർഷത്തിനിടെ ആദ്യമായാണ് നയൻതാര ഒരു മാധ്യമത്തിന് അഭിമുഖം നൽകിയത്. അത് വോഗ് മാസികയ്ക്ക് വേണ്ടിയായിരുന്നു. അതിൽ താൻ എന്തുകൊണ്ടാണ് അഭിമുഖങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു. എനിക്ക് പറയാനുള്ളതെല്ലാം വളച്ചൊടിച്ച് എഴുതുന്നതുകൊണ്ടാണ് അഭിമുഖങ്ങളിൽ നിന്ന് മാറിനിന്നത്. എന്റെ അഭിപ്രായങ്ങൾ സിനിമയിലൂടെ പറയാമെന്ന് കരുതി. അതിനപ്പുറം ഒന്നും എനിക്ക് സംവദിക്കാനില്ല- നയൻസ് പറഞ്ഞു.

രജനീകാന്ത് നായകനാകുന്ന അണ്ണാത്തെ, നെട്രിക്കൺ, കാത്തുവാക്കുള്ള രണ്ടു കാതൽ എന്നീ തമിഴ് ചിത്രങ്ങൾക്കൊപ്പം കുഞ്ചാക്കോ ബോബന്റെ നായികയായി നിഴൽ എന്ന മലയാള ചിത്രത്തിലും നയൻസ് അഭിനയിക്കുകയാണ്. ഒരു താരം എങ്ങനെ മറ്റുള്ളവർക്ക് മാതൃകയാകണമെന്ന് കാട്ടിത്തന്ന നയൻസിന് ഇനിയ പിറന്തനാൾ വാഴ്ത്തുക്കൾ.