ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി അമ്പത് ലക്ഷം പിന്നിട്ടു. ഇതുവരെ 5,53,28,043 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ച് ലക്ഷത്തോളം പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 13,31,644 പേർ മരണമടഞ്ഞു. മൂന്ന് കോടി എൺപത്തിനാല് ലക്ഷം പേർ രോഗമുക്തി നേടി. അമേരിക്ക,ഇന്ത്യ,ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.
ലോകത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് അമേരിക്കയിലാണ്. യുഎസിൽ ഒരു ലക്ഷത്തി അറുപതിനായിരത്തിലധികം പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,15,33,290 ആയി ഉയർന്നു. 2,52,630 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത് ലക്ഷം പിന്നിട്ടു.
ഇന്ത്യയിൽ 88,45,127 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം 30,548 പേരിലാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. ജൂലായ് 13ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണിത്. മരണ സംഖ്യ 1,30,070 ആയി. 82ലക്ഷം പേർ രോഗമുക്തി നേടി.
ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ 58,76,740 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,66,067 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിമൂന്ന് ലക്ഷം കടന്നു.രണ്ടാം ഘട്ട രോഗവ്യാപന ഭീഷണിയിലാണ് ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളും. ഫ്രാൻസിലാണ് രണ്ടാം ഘട്ട വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. റഷ്യയെ മറികടന്ന് കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് നാലാമത് എത്തിയിരിക്കുകയാണ് ഫ്രാൻസ്.ഫ്രാൻസിൽ ഇതുവരെ 19,91,233 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 45,054പേർ മരിച്ചു.