കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധിപറയും. കള്ളപ്പണക്കേസിൽ ഇ.ഡിയുടെ താത്പര്യപ്രകാരം ചില രാഷ്ട്രീയ നേതാക്കളുടെ പേരു പറയാത്തതിനാലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ശിവശങ്കർ കോടതിയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
അർദ്ധസത്യങ്ങളും കള്ളങ്ങളും കൂട്ടിച്ചേർത്ത് ഇ.ഡി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കാണിച്ചായിരുന്നു ശിവശങ്കർ കഴിഞ്ഞ ദിവസം വിശദീകരണക്കുറിപ്പ് നൽകിയത്. സ്വപ്നയുമായും കുടുംബവുമായും അടുപ്പമുണ്ടായിരുന്നു. സ്വർണക്കടത്തിനെക്കുറിച്ച് അറിയില്ല. സംസ്ഥാനത്തെ ഭരണത്തലവനുമായി അടുപ്പമുള്ള പദവിയിലിരുന്നതിനാൽ കേസിലേക്ക് വലിച്ചിഴച്ചെന്നും,രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തന്നെ കുടുക്കുന്നതെന്നുമാണ് ശിവശങ്കറിന്റെ ആരോപണം.
ഇന്ന് ജാമ്യം കിട്ടിയില്ലെങ്കിൽ 26 വരെ ശിവശങ്കറിന് ജയിലിൽ കഴിയേണ്ടിവരും. അങ്ങനയെങ്കിൽ കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്താനും എൻ.ഐ.എ വീണ്ടും ചോദ്യം ചെയ്യാനുമെല്ലാം സാദ്ധ്യതയുണ്ട്. അതേസമയം ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഇന്ന് കോടതിയെ സമീപിക്കും. എറണാകുളം സെഷൻസ് കോടതിയിലാണ് ഹർജി സമർപ്പിക്കുക. കോൺസുലേറ്റ് ഉദ്യോഗസ്ഥനായ ഖാലിദ് അലിയ്ക്ക് സന്തോഷ് ഈപ്പൻ കമ്മിഷനായി നൽകിയ ഡോളർ വിശദാംശങ്ങൾ ഇന്നു കൊച്ചിയിലെ ആക്‌സിസ് ബാങ്കിൽ നിന്നു വിജിലൻസ് ശേഖരിക്കും.