ലക്‌നൗ:ഉത്തർപ്രദേശിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. കാൺപൂരിലാണ് സംഭവം.പെൺകുട്ടിയുടെ വയറുകീറിയ നിലയിലായിരുന്നു. കേസിൽ ദമ്പതികൾ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദുർമന്ത്രവാദമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
1999ൽ വിവാഹിതരായ ദമ്പതികൾക്ക് മക്കൾ ഇല്ലായിരുന്നു.കുട്ടികൾ ഉണ്ടാകാൻ പെൺകുട്ടിയെ കൊന്ന് കരൾ തിന്നാൽ മതിയെന്ന തെറ്റിദ്ധാരണ കൊണ്ടാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.ഉത്തർപ്രദേശ് സർക്കാർ പെൺകുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ദമ്പതികൾ യുവാക്കളായ മറ്റ് രണ്ട് പ്രതികൾക്ക് കുട്ടിയെ തട്ടിക്കൊണ്ടുവരാനായി പണം നൽകി. ഇവർ ഏഴുവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.ശേഷം വയറുകീറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
'ദീപാവലി ദിവസം രാത്രി വീടിന് പുറത്ത് കളിക്കുന്നതിനിടെയാണ് പെൺകുട്ടിയെ കാണാതായത്. പ്രദേശവാസികളും പൊലീസും രാത്രി മുഴുവൻ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.പിറ്റേന്ന് രാവിലെ ഗ്രാമത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ഒരു കാടിനടുത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.'-കാൺപൂർ നഗർ ഡിഐജി പ്രീതീന്ദർ സിംഗ് പറഞ്ഞു.