karat-faisal

കോഴിക്കോട്:സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്ത കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാവില്ല. സിപിഎം സംസ്ഥാന സമിതിയുടെ നിര്‍ദേശ പ്രകാരമാണ് തീരുമാനം.കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിലെ സ്ഥാനാർത്ഥിയായി ഫൈസൽ മത്സരിക്കുമെന്നായിരുന്നു നേരത്തെ പാർട്ടി അറിയിച്ചിരുന്നത്.

പിടിഎ റഹീം എംഎൽഎയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥിയായി ഫൈസലിനെ പ്രഖ്യാപിച്ചത്. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയായിരുന്നു ഫൈസൽ. ഇയാളെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു. അതേസമയം ഫൈസലിനെ മാറ്റേണ്ടന്ന് ഒരു പക്ഷത്തിന് അഭിപ്രായം ഉണ്ട്.

നിലവില്‍ നഗരസഭാ ഇടത് കൗണ്‍സിലറാണ് ഫൈസൽ.സിപിഎമ്മിന് ചില മാനദണ്ഡങ്ങളുണ്ടെന്നും അതനുസരിച്ചാകും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു.