തിരുവനന്തപുരം: ആക്കുളം മുതൽ കൊല്ലം വരെയുള്ള ജലപാതയിലുള്ള രണ്ട് ടണലുകൾ ഉടൻ പുനരുജ്ജീവിപ്പിക്കും. 722 മീറ്റർ നീളമുള്ള ശിവഗിരി തുരപ്പും 350 മീറ്റർ നീളമുള്ള ചിലക്കൂർ തുരപ്പുമാണ് ആക്കുളം - കൊല്ലം പാതയിലെ പ്രധാന ടണലുകൾ. ഇവയുടെ പുനരജ്ജീവനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ശിവഗിരി തുരപ്പ്
1880ൽ നിർമ്മിച്ച ശിവഗിരി തുരപ്പ് ഏഷ്യയിൽ ഇത്തരത്തിലുള്ള ഒരേയൊരു തുരപ്പാണ്. 1934നും 1942നും ഇടയിൽ ഇത് കോൺക്രീറ്റ് ലൈനിംഗ് ആക്കി. കാലക്രമണേ തടസപ്പെട്ട ജലഗതാഗതം പുനരാരംഭിക്കുന്നതിനായി ഡ്രെഡ്‌ജിംഗ് ജോലികൾ നടന്നുവരികയാണ്. ശിവഗിരി, ചിലക്കൂർ തുരപ്പുകളിലൂടെ ബോട്ടുകൾക്ക് 4.7 മീറ്റർ വ്യാസത്തിൽ സഞ്ചരിക്കാൻ കഴിയും. ബോട്ടുകൾക്ക് സാധാരണ സഞ്ചരിക്കുന്നതിന് മൂന്ന് മീറ്റർ വീതി മതിയാകും.
ട്രയൽ റൺ
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും ജലപാതയുടെ ട്രയൽ റൺ നടക്കുക. ആദ്യഘട്ടത്തിൽ തദ്ദേശീയമായി നിർമ്മിച്ച 24 സീറ്റുള്ള സോളാർ ബോട്ടാണ് സർവീസ് നടത്തുക. പദ്ധതിയുടെ ഭാഗമായി വർക്കലയിൽ ടി.എസ് കനാലിന്റെ സമീപത്തുള്ള 60 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 10 രൂപ വീതം ഓരോ കുടുംബത്തി നും അനുവദിച്ചിട്ടുണ്ട്. ആറ് ലക്ഷം രൂപ വീട് സ്ഥലം വാങ്ങുന്നതിനും നാല് ലക്ഷം രൂപ വീട് നിർമ്മിക്കുന്നതിനുമായാണ് നൽകുക. പദ്ധതിക്കായി ഭൂമിയേറ്റെടുക്കുമ്പോൾ ആറ് മാസത്തേക്ക് 5000 രൂപ നിരക്കിൽ വാടകയിനത്തിൽ നഷ്ടപരിഹാരം ലഭിക്കുന്നത് വരെ സർക്കാർ നൽകും.
ദേശീയ ജലപാത
കൊല്ലം മുതൽ തൃശൂർ കോട്ടപ്പുറം വരെ 168 കിലോമീറ്റർ. ഇതിന്റെ നവീകരണം പൂർത്തിയായി. കോട്ടപ്പുറം മുതൽ കോഴിക്കോട് വരെ 165 കിലോമീറ്റർ. അടുത്തിടെ ഇതും ദേശീയ ജലപാതയായി പ്രഖ്യാപിച്ചു. നവീകരണം തുടങ്ങിയിട്ടില്ല. ദേശീയ ജലപാത അതോറിട്ടിയാണ് നവീകരണം നിർവഹിക്കുന്നത്.
സംസ്ഥാന ജലപാത
കൊല്ലം മുതൽ കോവളം വരെ-74.18 കിലോമീറ്റർ. കോഴിക്കോട് - ബേക്കൽ വരെ 214 കിലോമീറ്റർ. ഇതിന്റെ നവീകരണം പുരോഗമിക്കുന്നു. സംസ്ഥാന ഉൾനാടൻ ജലഗതാഗത വകുപ്പാണ് നവീകരണം നിർവഹിക്കുന്നത്. '
ദേശീയ ജലപാതയുടെ രണ്ടാംഘട്ട വികസനം (കോട്ടപ്പുറം- കോഴിക്കോട് ) 2020- 22 ൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. ജലപാതവഴിയുള്ള ചരക്ക് ഗതാഗതം അതിനു ശേഷമേ പൂർണ തോതിൽ ആരംഭിക്കുകയുള്ളൂ.