ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഭീകരരടെ ആക്രമണ പദ്ധതി തകർത്ത് സുരക്ഷാ സേന. ജെയ്ഷ് ഇ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.ഡൽഹിയിലെ സരായ് കാലെ ഖാനിൽ ഇന്നലെ രാത്രിയാണ് സംഭവം. അറസ്റ്റിലായ രണ്ട് ഭീകരരെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്.
തിങ്കളാഴ്ച രാത്രി 10.15 ഓടെ സരായ് കാലെ ഖാനിലെ മില്ലേനിയം പാർക്കിന് സമീപത്തുവച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും, ഇവരിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. ഭീകരർ ജമ്മു കാശ്മീർ നിവാസികളാണ്. ഇവർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി അധികൃതർ അറിയിച്ചു. അതാണ് സുരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിലൂടെ തകർത്തത്.
ജമ്മു കശ്മീര്‍ ബരാമുള്ളയിലെ പാല മൊഹല്ല സ്വദേശിയായ സനാവുള്ള മിറിന്റെ മകന് അബ്ദുല്‍ ലത്തീഫ് (21), കുപ്വാരയിലെ മുല്ല ഗ്രാമത്തിലുള്ള ബഷിര്‍ അഹ്മദിന്റെ മകന് അഷ്റഫ് ഖാതന (20) എന്നിവരാണ് അറസ്റ്റിലായതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.