police

ആനന്ദലബ്ധിക്ക് ഇനി എന്തുവേണം! കഞ്ചാവ് കച്ചോടം , കള്ളക്കടത്ത്, കൊട്ടേഷൻ പിടി, മോഷണം, വ്യഭിചാരം, അടിപിടിയൊക്കെ നിസാരമാക്കാം. എന്തൊരു ജഗണ്ടൻ മാർഗരേഖയാണ് കേന്ദ്രത്തിന്റെ ഗർഭത്തിൽ. അവനിങ്ങ് ഇറങ്ങട്ടെ. പൊലീസ് അതിക്രമത്തിന് ബാരിക്കേടാവും. അന്യായ അറസ്റ്റ് പമ്പകടക്കും. ലോക്കപ്പ് മർദ്ദനം തീരും. സാധനം കരടുരേഖയായി ബ്യൂറോ ഒഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് തയ്യാറാക്കികഴിഞ്ഞു.

മാർഗരേഖ പുറത്തുവരട്ടെ. കുറ്റവാളികൾക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ്. ചില്ലറ കാര്യങ്ങൾക്കൊന്നും അറസ്റ്റ് ചെയ്യരുത്. അഥവാ ചെയ്താൽ പ്രതിയെ കുളിപ്പിക്കണം. ഭക്ഷണം കൊടുക്കണം. അടിവസ്ത്രം മാറാൻ മറയൊരുക്കണം. നോട്ടീസ് ബോർഡിൽ അവന്റെ ജാതകമിടണം. പ്രതിയുടെ ശരീരത്തിൽ തൊടരുത്. സ്ത്രീകൾക്കും കുട്ടികൾക്കും ഇനി പേടിയേ വേണ്ട. കുറ്റം ഏതായിരുന്നാലും അവർ വീട്ടിൽ ഇരുന്നാൽ മതി. വയസന്മാർക്കും അതേ സൗകര്യം തന്നെ. മനുഷ്യാവകാശം. മാർഗരേഖയെ സ്തുതിച്ചുപോകും.

നമ്മുടെ പൊലീസിന് ഇനി അടിതടയും വടംക്കേറ്റവും പരേഡും കുതിര സവാരിയും ഒാട്ട പരിശീലനവും ഒന്നും വേണ്ട. വേണ്ടത് കുളിപ്പിക്കാൻ അറിയണം. ഉൗട്ടാൻ അറിയണം. അടിവസ്ത്രം മാറാൻ മറകെട്ടണം. പട്ടിക നീളുന്നു. അപ്പോ പിന്നെ പൊലീസിന് മേലാൽ ലാത്തിവേണ്ട. വിലങ്ങുവേണ്ട. തോക്കും വേണ്ട. വേണ്ടത് ബക്കറ്റും (പിരിക്കാനല്ല) പ്ളേറ്റും ഒക്കെ മതി.

നമ്മുടെ പൊലീസിനെ സമ്മതിക്കണം. അവർക്ക് ഡ്യൂട്ടി സമയ ക്ളിപ്തത വേണ്ട. അവധി വേണ്ട. നിരത്തിലെ വെയില് അത്ര കാര്യമല്ല.അവർക്ക് തണൽ നിഷേധമാണ്. മഴയത്തുള്ള പണിക്ക് ഒരു കോട്ടിന്റെ അകമ്പടി മതി. വാഹനം കൊണ്ടിടിച്ച് പൊലീസിന്റെ കാലൊടിച്ചാൽ വാഴ്ത്തണം. വീട്ടിൽ കയറി ആക്രമിച്ചാൽ പ്രതികളെ സ്റ്റേഷനിലെത്തിച്ച് ഉൗട്ടണം. സെക്രട്ടേറിയറ്റിൽ മദ്യകുപ്പി കണ്ടാൽ മഹസറിൽ അത് ഉൾപ്പെടുത്തരുത്. നമ്മുടെ പൊലീസിന് ബുദ്ധിയുണ്ട്. അതുപോലെ ബുദ്ധിമുട്ടും. വി.ഐ.പിമാർ പാഞ്ഞുപോകുമ്പോൾ ട്രാഫിക് ഡ്യൂട്ടിക്കാരൻ റോഡിൽ അമർത്തി ചവിട്ടി ബഹുമാനിക്കണം. ഇല്ലെങ്കിൽ കൃത്യവിലോപം. ഇന്നാണെങ്കിൽ കുറ്റം പല രീതിയിലാണ്. ചിലർ സ്വന്തം ബുദ്ധി ചികഞ്ഞുണ്ടാക്കുന്നു. മറ്റുചിലർ സിനിമയിൽ നിന്നും പുത്തൻ പ്രവണതകൾ കണ്ടെത്തുന്നു. തെളിവുകൾ മാഞ്ഞുപോകാൻ പുത്തൻ ടെക്‌നിക്കുകൾ. പോരാത്തതിന് രാഷ്ട്രീയ താത്പര്യങ്ങളും. നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ, എല്ലാപേർക്കും താത്പര്യങ്ങളുണ്ട്. കൂടെ, ഇപ്പോ, ഇതാ മാർഗരേഖകളും. നമ്മുടെ പൊലീസിന് ഏത് അർദ്ധരാത്രിയിൽ സ്വാതന്ത്ര്യം കിട്ടും.

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ കാലത്തെ ഒരു സംഭവമുണ്ട്. പൊലീസിന്റെ കാര്യംതന്നെ. ലോസ് ഏൻജൽസ് പൊലീസ് ഡിപ്പാർട്ട്മെന്റും എഫ്.ബി.ഐയും സി.ഐ.എയും പരീക്ഷിക്കപ്പെടുന്നു. അവരുടെ കഴിവിനെ കുറിച്ചുതന്നെ. പരീക്ഷണത്തിന് 'മുയൽവേട്ട" എന്ന് പേരിട്ടു.

ട്രംപ് കാട്ടിലേക്ക് ഒരു മുയലിനെ വിടും. അതിനെ കണ്ടെത്തണം. മുയലിനെ വിട്ടു. ആദ്യം പോയത് സി.ഐ.എയായിരുന്നു. കാട് അവർ അരിച്ചുപെറുക്കി. കണ്ടവരെയൊക്കെ ചോദ്യം ചെയ്തു. അടുത്ത ഗ്രാമവാസികളെയും മൃഗസംരക്ഷകരെയും കണ്ട് ചോദിച്ചു. മുയലിനെ കിട്ടിയില്ല. മൂന്നുമാസങ്ങൾക്കുശേഷം തിരിച്ചുപോന്നു. ട്രംപിനെ കണ്ട് ഉണർത്തി: അങ്ങനെ ഒരു മുയലില്ല" അടുത്തത് എഫ്.ബി.ഐയുടെ ഉൗഴം. കാട്ടിൽ മുയലിനെ വിട്ടു. എഫ്.ബി.ഐ കാടു മുഴുവൻ തിരഞ്ഞു. മുയലിനെ കിട്ടിയില്ല. അവർ കാടിന് തീവച്ചു. മുയലടക്കം എല്ലാ മൃഗങ്ങളും ചത്തു.

ഒടുവിൽ ലോസ് ഏൻജൽസ് പൊലീസിന്റെ മുറയായി. മറ്റൊരു മുയലിനെ വേറൊരു കാട്ടിൽ വിട്ടു. പൊലീസ് പോയി. രണ്ടുമണിക്കൂർ കഴിഞ്ഞില്ല. അവർ തിരിച്ചെത്തി. ഒരു പൊലീസുകാരന്റെ കൈയിൽ അടികൊണ്ടു ചാവാറായ ഒരു കരടിക്കുഞ്ഞും ഉണ്ടായിരുന്നു. ആ ജീവി ട്രംപിന്റെ മുമ്പിൽ മുരണ്ടു: 'ഞാനാണ്, ഞാനാണ് ആ മുയൽ" ട്രംപിന്റെ അഭിനന്ദനം: 'ദാറ്റ്സ് പൊലീസ്" (ഇതുതാൻണ്ടാ പൊലീസ്).