sivasankar

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ആരോപണം തളളി എൻഫോഴ്സ‌്‌മെന്റ് ഡയറക്‌ടറേറ്ര്. രാഷ്ട്രീയ നേതാക്കളുടെ പേരു പറയാൻ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും വാദം ദുരുദേശ്യപരമെന്നും ഇ ഡി അറിയിച്ചു. ഇതുസംബന്ധിച്ച പുതിയ സത്യവാങ്മൂലം ഇ ഡി കോടതിയിൽ നൽകും. ശിവശങ്കറിന്റെ പുതിയ വാദങ്ങൾ കണക്കിലെടുക്കരുതെന്നും ഇ ഡി കോടതിയെ ബോധിപ്പിച്ചു. ശിവശങ്കറിന്റെ ജാമ്യപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധിപറയും.

വിധി വരുന്നതിന് തലേ ദിവസം ശിവശങ്കർ ഇക്കാര്യങ്ങൾ പറഞ്ഞതിൽ ഗൂഢ ഉദേശ്യമുണ്ട്. തുറന്ന കോടതിയിൽ പറയാത്ത കാര്യങ്ങളാണ് ഇവ. കോടതിയെ സ്വാധീനിക്കാനും ജനവികാരം ഉണർത്താനുമാണ് ശിവശങ്കർ ഇത്തരത്തിൽ പറഞ്ഞത്. മാദ്ധ്യമശ്രദ്ധ കിട്ടാൻ വേണ്ടിയുളള അടവ് മാത്രമാണിതെന്നും എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.

ഒരിക്കൽ പോലും രാഷ്ട്രീയക്കാരുടെ പേരു പറയാൻ സമ്മർദ്ദം ചെലുത്തിയിട്ടില്ല. ഇ ഡിയുടെ സത്യവാങ്മൂലം പരിഗണിച്ച കോടതി രാവിലെ പതിനൊന്ന് മണിയ്‌ക്ക് നടത്തേണ്ട വിധി പ്രസ്‌താവം മുന്ന് മണിയിലേക്ക് മാറ്റുകയായിരുന്നു.