നെയ്യാറ്റിൻകര: ജ്യേഷ്ഠനും അനുജനും തമ്മിൽ മത്സരത്തിനിറങ്ങുമ്പോൾ അമ്മയ്ക്കാണ് ടെൻഷൻ. നെയ്യാറ്റിൻകര നഗരസഭയിലെ മരുതത്തൂർ വാർഡിലാണ് സഹോദരങ്ങളുടെ പോരാട്ടം നടക്കുന്നത്. മാവറത്തല വീട്ടിൽ പുരുഷോത്തമൻ നായർ എൽ.ഡി.എഫിന്റെയും അനുജൻ സനൽകുമാർ യു.ഡി.എഫിന്റെയും സ്ഥാനാർത്ഥിയായി പ്രചാരണം ആരംഭിച്ചു. അമ്മ വസുന്ധരാമ്മ രണ്ടുപേർക്കും അനുഗ്രഹവും നൽകി.
മുൻ വാർഡ് മെമ്പറായ എൽ.ഡി.എഫ് സ്ഥാനാർത്ഥി പുരുഷോത്തമൻ നായർ സ്ഥാനാർത്ഥിത്വം മാസങ്ങൾക്ക് മുമ്പേ വീട്ടിൽ അറിയിച്ചിരുന്നു. മിലിട്ടറിയിൽ നിന്ന് വിരമിച്ച അനുജൻ സനൽകുമാറിന് യു.ഡി.എഫും പിന്തുണ നൽകുകയായിരുന്നു. പുരുഷോത്തമൻ നായർക്കെതിരെ യു.ഡി.എഫ് മരുതത്തൂർ വാർഡ് കമ്മിറ്റിക്ക് മുമ്പിൽ നിരവധി പേരുകൾ വന്നെങ്കിലും ജ്യേഷ്ഠനെതിരെ അനുജൻ സനൽകുമാറിനെ തന്നെ രംഗത്തിറക്കുകയായിരുന്നു. രണ്ടുപേരുടെയും സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് അഭിപ്രായം പറയില്ലെന്ന നിലപാടിലാണ് വസുന്ധരാമ്മ. വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ബിനുകുമാറാണ്.