തിരുവനന്തപുരം: കിഫ്ബിയുടെ സി ഇ ഒ സ്ഥാനത്ത് കാലാവധിക്കുശേഷം തുടരാനില്ലെന്ന് കെ എം എബ്രഹാം. ഇക്കാര്യം അദ്ദേഹം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഡിസംബർ 31നാണ് അദ്ദേഹത്തിന്റെ കാലാവധി തീരുന്നത്. തുടർന്ന് കാലാവധി നീട്ടിനൽകരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനത്തിന് നിലവിലെ സാഹചര്യവുമായി ബന്ധമില്ലെന്നും രണ്ടുമാസം മുമ്പാണ് ഇക്കാര്യം അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചതെന്നുമാണ് റിപ്പോർട്ട്. വിശ്രമജീവിതം ആഗ്രഹിക്കുന്നതിനാലാണ് പദവി ഒഴിയാൻ ആഗ്രഹിക്കുന്നതെന്നാണ് കെ എം എബ്രഹാം പറയുന്നത്.
അതേസമയം, കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് കിഫ്ബിക്കെതിരായ വിവാദമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ തകർക്കാൻ കേന്ദ്ര ഏജൻസികളായ ഇ.ഡിയും സി.ബി.ഐയും എൻ.ഐ.എയും കസ്റ്റംസും ഏറ്റവുമൊടുവിൽ സി.എ.ജിയും ശ്രമിക്കുകയാണ്. സ്വർണക്കടത്ത് അന്വേഷിക്കാനെത്തിയ ഏജൻസികൾ ആ ചുമതല നിർവഹിക്കുന്നതിനപ്പുറം, വികസന പദ്ധതികളിലും ഇടങ്കോലിടുകയാണ്. കെ- ഫോൺ, ഇ-മൊബിലിറ്റി, ടോറസ് പാർക്ക്, ലൈഫ് മിഷൻ തുടങ്ങിയ പദ്ധതികളിൽ അവർ ഇടപെട്ടുകഴിഞ്ഞു. ഇതിന്റെ തുടർച്ചയാണ് കിഫ്ബി വഴി വായ്പയെടുക്കുന്നത് നിയമവിരുദ്ധമാണെന്ന വ്യാഖ്യാനം.കിഫ്ബി പ്രോജക്ടുകളിൽ ഏതെങ്കിലുമൊന്നിൽ അഴിമതിയോ ക്രമക്കേടോ ഉണ്ടെങ്കിൽ തെളിവുകൾ പ്രതിപക്ഷം ഹാജരാക്കണം. കിഫ്ബിയിൽ സി.എ.ജിക്ക് ഓഡിറ്റിംഗിനുള്ള അവകാശം സർക്കാർ നിഷേധിച്ചുവെന്ന പച്ചക്കള്ളം പ്രതിപക്ഷം പ്രചരിപ്പിക്കുന്നു.
ക്രമക്കേട് കണ്ടെത്താനാവാത്തതിനാലാവാം കിഫ്ബിയെ നിയമവിരുദ്ധമാക്കാനുള്ള വ്യാഖ്യാനം സി.എ.ജി ചമച്ചതെന്നുമാണ് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയത്.