chottanikkara

കൊച്ചി: സൗജന്യമായി സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾ ലഭ്യമാക്കുന്ന ആശുപത്രിയും ചോറ്റാനിക്കര അന്താരാഷ്ട്ര ക്ഷേത്ര നഗരം പദ്ധതിയുടെ ഭാഗമായി നടപ്പാക്കാൻ സാദ്ധ്യത. ചോറ്റാനിക്കര അമ്മയുടെ ഭക്തനും കർണാടകയിലെ വ്യവസായിയുമായ ഗണശ്രാവൺ സമർപ്പിക്കുന്ന 526 കോടി രൂപയുടെ പദ്ധതിക്ക് പുറമെയാണ് ചോറ്റാനിക്കരയിൽ ആശുപത്രിയും വിഭാവനം ചെയ്യുന്നത്.

ചോറ്റാനിക്കരയിലെത്തുന്ന ഭക്തർക്ക് പുറമെ പ്രദേശവാസികൾക്കും സേവനം ലഭ്യമാക്കുന്ന പദ്ധതികളുടെ ഭാഗമാണ് ആശുപത്രിയെന്ന് ഗണശ്രാവൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 500 കിടക്കകളുള്ള ആശുപത്രി നിർമ്മിക്കും. എല്ലാവിധ സൂപ്പർ സ്പെഷ്യാലിറ്റിയും ഒരുക്കും. അലോപ്പതി, ആയുർവേദം, ഹോമിയോ ചികിത്സകൾ ലഭ്യമാക്കും.

സൗജന്യമായി ചികിത്സ ലഭ്യമാക്കും. ആന്ധ്രപ്രദേശിലെ പുട്ടപർത്തിയിലെ സത്യസായി ആശുപത്രിയുടെ മാതൃകയിലാണ് പ്രവർത്തിക്കുക. സൗജന്യ ചികിത്സ അർഹർക്ക് ലഭ്യമാക്കുന്ന സംവിധാനവും ഒരുക്കും. സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ സൗജന്യമായി ലഭിക്കുന്ന സംസ്ഥാനത്ത ആദ്യത്തെ ആശുപത്രിയായിരിക്കും. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് നിർമ്മാണത്തിന് നടപടികൾ ആരംഭിക്കും.

ലക്ഷ്യം സമഗ്രവികസനം

ചോറ്റാനിക്കരയുടെ സമഗ്ര വികസനമാണ് ലക്ഷ്യം. ക്ഷേത്രവുമായി നേരിട്ട് ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പുറമെ, പൊതുജനങ്ങൾക്കും സേവനം ലഭ്യമാക്കുന്ന പദ്ധതികളും നടപ്പാക്കും. നൂറു പേർക്ക് താമസിക്കാവുന്ന വൃദ്ധസദനം നിർമ്മിക്കും. അനാഥാലയവും പൂവർ ഹോമും നിർമ്മിക്കും.

വികസന പദ്ധതികൾ

•നിലവിലുള്ള റോഡുകളെ ബന്ധിപ്പിച്ച് മൂന്ന് റിംഗ് റോഡുകൾ

• റോഡുകൾ ബന്ധിപ്പിക്കാൻ രണ്ടു പുതിയ പാലങ്ങൾ

•ജലവിതരണത്തിന് ശുദ്ധീകരണശാല

• ഡ്രെയിനേജ് സംവിധാനം സ്ഥാപിക്കും

• ബയോഗ്യാസ് പ്ളാന്റ്

• വിശാലമായ പാർക്കിംഗ് മൈതാനം

• മൾട്ടിലെവൽ പാർക്കിംഗ്

• ഭക്തർക്കായി പ്രത്യേക നടപ്പാത

• ക്ഷേത്രാവശ്യങ്ങൾക്ക് വസ്തുക്കൾ നിർമ്മിക്കാൻ വ്യവസായ പാർക്ക്

•കച്ചവടക്കാർക്കായി ഷോപ്പിംഗ് കോംപ്ളക്സുകൾ

• ഹെഡ്മാസ്റ്റ് ലൈറ്റുകൾ

• ഏഴ് ഗസ്റ്റ് ഹൗസുകൾ

• ഡ്രൈവർമാർക്കായി വിശ്രമമുറികൾ

ആദ്യനിർമ്മാണം ഗോപുരങ്ങൾ

ക്ഷേത്രത്തിന്റെ കിഴക്ക്, വടക്ക് ഗോപുരങ്ങളുടെ നിർമ്മാണമാണ് ആദ്യം ആരംഭിക്കുക. നാൽപ്പത് അടി ഉയരുമുള്ള ഗോപുരങ്ങൾ സ്വർണം പൊതിയും. മ്യൂറൽ ചിത്രങ്ങളുൾപ്പെടെ ഉപയോഗിക്കും. വെട്ടുകല്ലിലാണ് നിർമ്മാണം. ശ്രീകോവിൽ സ്വർണപാളികൾ കൊണ്ട് പൊതിയും.

അമ്മ സൃഷ്ടിച്ച അത്ഭുതം

എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചത് ചോറ്റാനിക്കര അമ്മയാണ്. നാലു വർഷം മുമ്പ് ബിസിനസിൽ തിരിച്ചടിയുണ്ടായി. മൈസൂരിലെ ഗുരുവാണ് ചോറ്റാനിക്കരയിൽ ദർശനം നടത്താൻ നിർദ്ദേശിച്ചത്. ദർശനം നടത്തി പ്രാർത്ഥിച്ചു. അതിനുശേഷവും ഇപ്പോഴും വലിയ നേട്ടങ്ങൾ ലഭിച്ചു. അതിന്റെ വിഹിതം അമ്മയ്ക്ക് സമർപ്പിക്കുകയാണ്.

രൂപരേഖ ബി.ആർ. അജിത്

പ്രമുഖ ആർക്കിടെക്ടും അജിത് അസോസിയേറ്റ്സ് ഡയറക്ടറുമായ ബി.ആർ. അജിത്താണ് ക്ഷേത്ര നഗരി പദ്ധതി തയ്യാറാക്കിയത്. പത്തു വർഷം മുമ്പ് അജിത് തയ്യാറാക്കിയ പദ്ധതി സ്വാമിജി ഗ്രൂപ്പിന്റെ താല്പര്യപ്രകാരം നവീകരിച്ചു. ആർക്കിടെക്ടുമാരായ ശുഭ, ഷുബുല, സതീഷ് എന്നിവരാണ് രൂപരേഖ തയ്യാറാക്കിയത്.

ഗണശ്രാവൺ

എല്ലാവർക്കും വേണ്ടി

ക്ഷേത്രത്തിന് മാത്രമല്ല, എല്ലാ ഭക്തർക്കും സമീപവാസികൾക്കും പൊതുസമൂഹത്തിനും ഗുണകരമാകുന്ന വിധത്തിലാണ് പദ്ധതികൾ നടപ്പാക്കുക. ജാതിമതഭേദമന്യേ എല്ലാവർക്കും അവ പ്രയോജനപ്പെടും വിധമായിരിക്കും നടപ്പാക്കുക.

പി. പുട്‌രാജ്

പ്രതിനിധി

സ്വാമിജി ഗ്രൂപ്പ്