india-covid

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ നാല് മാസത്തിനിടെ ഏ‌റ്റവും കുറവ് പ്രതിദിന കൊവിഡ് രോഗനിരക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോർഡ് ചെയ്‌തു. 29,163 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സെ‌പ്‌തംബർ 10ന് ഒരുദിവസം 97,400 കേസുകൾ സ്ഥിരീകരിച്ചതാണ് ഇതുവരെയുള‌ളതിൽ ഏ‌റ്റവും കൂടുതൽ.

ജനുവരി മാസത്തിൽ രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ശേഷം 88,74,291 പേർ‌ക്ക് ഇതുവരെ രോഗമുണ്ടായി. 24 മണിക്കൂറിനിടെ 449 പേർക്ക് രോഗം മൂലം ജീവൻ നഷ്‌ടമായി. ഇതോടെ 1,30,519 പേർ ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞു. എന്നാൽ രാജ്യത്ത് രോഗമുക്തി നിരക്കിൽ വലിയ പുരോഗതിയുണ്ടാകുന്നുണ്ട്. രോഗം സ്ഥിരീകരിച്ച 93.4 ശതമാനം പേരും രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 82,90,371 ആണ്. രാജ്യത്തെ ആക്‌ടീവ് കേസ് ലോഡുകൾ 4.53 ലക്ഷം ആണ്. 24 മണിക്കൂറിൽ 40,791 പേർ രോഗമുക്തി നേടി.

രാജ്യത്ത് നിലവിൽ പ്രതിദിന രോഗനിരക്ക് കൂടുതലാണെങ്കിലും കേന്ദ്ര,സംസ്ഥാന സർക്കാരുകൾ തണുപ്പുകാലത്ത് ഇനിയും നിരക്ക് ഉയർന്നേക്കാം എന്ന് കരുതുന്നുണ്ട്. പ്രതിദിന രോഗനിരക്കിൽ 3797 പേരുമായി ഡൽഹിയാണ് ഒന്നാമത്. ഇവിടെ 99 പേർ മരണമടഞ്ഞു. കഴിഞ്ഞയാഴ്‌ച 7000ത്തിലധികം പ്രതിദിന രോഗനിരക്ക് ഡൽഹിയിൽ റെക്കോർഡ് ചെയ്‌തിരുന്നു. എന്നാൽ അന്ന് നടത്തിയ ടെസ്‌റ്റുകളുടെ പകുതി ഏതാണ്ട് 30,000 ടെസ്‌റ്റുകൾ മാത്രമാണ് ഇന്നലെ ഡൽഹിയിൽ നടത്തിയത്.

ഡൽഹി, കേരളം,മഹാരാഷ്‌ട്ര,രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കൊവിഡ് നിരക്കിൽ 49 ശതമാനവും. കൊവിഡ് മരണനിരക്കിൽ 58 ശതമാനവും ഡൽഹി,മഹാരാഷ്‌ട്ര,പശ്ചിമ‌ബംഗാൾ,ഛത്തീസ്ഗഡ്,പഞ്ചാബ് എന്നിവിടങ്ങളിലാണ്. ആഗോളതലത്തിൽ 1.1 കോടി പേർക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയാണ് ഒന്നാമത്. ഇവിടെ 2.5 ലക്ഷം പേർ രോഗം ബാധിച്ച് മരണമടഞ്ഞു. അമേരിക്കയ്‌ക്ക് പിന്നിലായി ഇന്ത്യ,ബ്രസീൽ,ഫ്രാൻസ് എന്നീ രാജ്യങ്ങളാണുള‌ളത്.

രാജ്യത്തെ പ്രമുഖ കൊവിഡ് വാക്‌സിനായ കോവാ‌ക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. 26,000 പേരിലാണ് ഈ ഘട്ടത്തിൽ പരീക്ഷണം നടത്തുക.