കൊല്ലം: ആഡംബര കാറിൽ വന്ന് ഡയപ്പറുകൾ ഉൾപ്പെടെയുള്ള മാലിന്യം വീട്ടുവളപ്പിലും റോഡരികിലും തള്ളിയവരെ യുവാക്കൾ പിടികൂടി പൊലീസിന് കൈമാറി. വെൺപാലക്കര ഹോമിയോ ആശുപത്രിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
പ്രദേശത്ത് മാലിന്യനിക്ഷേപം രൂക്ഷമായതോടെ ശാരദാവിലാസിനി വായനശാലയിലെ യുവജനക്കൂട്ടായ്മ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് രാത്രികാലങ്ങളിൽ നിരീക്ഷണം നടത്തിവരികയായിരുന്നു. നേരത്തെ വലിച്ചെറിഞ്ഞിരുന്ന മാലിന്യം പൊതുജനങ്ങളുടെ സഹായത്തോടെ നീക്കം ചെയ്തു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മുന്തിയ കാറിലെത്തിയവർ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടത്. യുവാക്കൾ ഉടൻ തന്നെ കാറിനെ പിന്തുർന്ന് പിടികൂടി പൊലീസിന് കൈമാറി.
റോഡ് വക്കിൽ അറവ് മാലിന്യം തള്ളുന്ന സംഘത്തെ പിടികൂടാൻ നിരീക്ഷണം കൂടുതൽ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഗ്രന്ഥശാലയിലെ യുവജന കൂട്ടായ്മ. യുവാക്കളെ ഇരവിപുരം പൊലീസ് അഭിനന്ദിച്ചു.