കൊല്ലം: 'കൊറോണ' എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് പേടിയാണ്. എന്നാൽ കൊല്ലം ജില്ലയെ സംബന്ധിച്ച് 'കൊറോണ' എന്നത് വൈറസിന്റെ പേര് മാത്രമല്ല,ഇതേ പേരിൽ മറ്റൊരാൾ കൂടി അവിടെയുണ്ട്. കൊല്ലം കോർപറേഷനിലെ മതിലിൽ ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥിയാണ് കൊറോണ തോമസ്.
ഇരുപത്തിനാലുകാരിയായ കൊറോണ തോമസ് സജീവ ബിജെപി പ്രവർത്തകനായ ജിനു സുരേഷിന്റെ ഭാര്യയാണ്. കൊവിഡ് ബാധിച്ചു കൊല്ലം ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ഒക്ടോബർ 15 നാണു കൊറോണ രണ്ടാമത്തെ കുഞ്ഞിനു ജന്മം നൽകിയത്. കുഞ്ഞിനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
മതിലിൽ കാട്ടുവിളയിൽ തോമസ് മാത്യുവിന്റെയും (കാട്ടു തോമസ്) ഷീബയുടെയും മകളാണ് കൊറോണ തോമസ്. പ്രകാശ വലയം എന്ന അർഥത്തിലാണു തോമസ്- ഷീബ ദമ്പതികൾ മകൾക്ക് കൊറോണ എന്ന പേരിട്ടത്.ലോകത്ത് കൊവിഡ് പടന്നതോടെ കൊറോണ തോമസും പ്രസിദ്ധയായി.