പെൻഗ്വിനുകൾ കൂട്ടംകൂട്ടമായിഅന്നത്തെ കടൽവാസം അവസാനിപ്പിച്ച്കരയ്ക്കണിയുന്ന ദൃശ്യം സമ്മാനിക്കുന്നമെൽബൺ നഗരത്തിനടുത്തുള്ള ഫിലിപ്പ്ദ്വീപുകൾ, ഒരു മനുഷ്യന് എത്രത്തോളം ക്രൂരനാകാൻ കഴിയുമെന്ന് നേരിൽ കാണാൻ കഴിയുന്ന അടയാളങ്ങൾ പേറുന്ന കംബോഡിയ... അത്ഭുതവും അമ്പരപ്പും സമ്മാനിക്കുന്ന കാഴ്ചകളിലൂടെ ഒരു ഡോക്ടറുടെ സഞ്ചാരം...
യാത്രകൾ വിനോദത്തിനു മാത്രമല്ല, വിജ്ഞാനത്തിനും കൂടിയാണെന്ന ചിന്താധാര കേരളത്തിൽ വേരോടിയത് ജ്ഞാനപീഠ ജേതാവ് എസ്. കെ. പൊറ്റക്കാടിന്റെ 'പാതിരാസൂര്യന്റെ നാട്ടിൽ"എന്ന യാത്രാവിവരണ ഗ്രന്ഥം പുറത്തിറങ്ങിയതിനു ശേഷമാണ്. ഭൂമിയുടെ വടക്ക് ജനവാസമുള്ള അവസാനത്തെ രാജ്യമായ ഫിൻലൻഡിലെ അദ്ദേഹത്തിന്റെ യാത്രാനുഭവങ്ങളാണ് മലയാളികളെ വിജ്ഞാനം തേടിയുള്ള ലോകസഞ്ചാരങ്ങൾക്ക് പരക്കെ പ്രോത്സാഹിപ്പിച്ചത്. മുപ്പതിലേറെ വിദേശ രാജ്യങ്ങളിലേക്ക് താൻ യാത്രപോയത് വിനോദത്തിലേറെ വിജ്ഞാനം തേടിയായിരുന്നെന്ന് അമലാ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ യൂറോളജി വിഭാഗം തലവൻ ഡോ. ഹരികൃഷ്ണൻ വെളിപ്പെടുത്തുമ്പോൾ അദ്ദേഹം പൊറ്റെക്കാടിന്റെ പ്രതിരൂപമായി മാറുകയാണ്. യൂറോപ്പിലും അമേരിക്കയിലും ആസ്ട്രേലിയയിലും ഏഷ്യയിലും ആഫ്രിക്കയിലും ഡോ. ഹരികൃഷ്ണൻ നടത്തിയ ഓരോ യാത്രയും ഓരോ ചരിത്ര, ശാസ്ത്രീയ ഗവേഷണമായിരുന്നെന്നു വിശേഷിപ്പിക്കുന്നതാണ് കൂടുതൽ ശരി. ഹരികൃഷ്ണൻ ആ യാത്രകളെക്കുറിച്ച് പറയുന്നു.
വിശ്വസാഹിത്യകാരനെ തേടി
ഇംഗ്ലണ്ടിൽ ഏറ്റവും മികച്ച ആംഗ്ലോ-അമേരിക്കൻ കവിയായി അറിയപ്പെടുന്ന ടി. എസ്. എലിയറ്റിന്റെ വേരുകൾ തേടിയാണ് തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഈസ്റ്റ് കോക്കർ ഗ്രാമത്തിൽ പോയത്. ലണ്ടനിലെ പ്രശസ്ത വാരികയായിരുന്ന 'ന്യൂ ഇംഗ്ലീഷ് വീക്കിലി" 1940-ൽ പ്രസിദ്ധീകരിച്ച എലിയറ്റിന്റെ രണ്ടാമത്തെ കവിതയുടെ പേരുതന്നെ 'ഈസ്റ്റ് കോക്കർ"എന്നാണ്. പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അമേരിക്കയിലേക്ക് കുടിയേറുന്നതുവരെയുള്ള എലിയറ്റ് കുടുംബചരിത്രം തീക്ഷ്ണമായി സ്വാധീനിച്ച കോക്കർ കാവ്യത്തിന്റെ കേന്ദ്രബിന്ദുവായിമാറിയ സെന്റ് മൈക്കിൾസ് ചർച്ചിലാണ് എലിയറ്റിന്റെ ശവകുടീരമുള്ളത്. പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിനെ നടുക്കിയ പ്ലേഗ് ബാധയിൽ മരണമടഞ്ഞവരുടെ തുരുതുരെ പാകിയ സ്മാരകശിലകൾക്കിടയിലൂടെ നടന്ന് ആ മനോഹരമായ ക്രിസ്റ്റീയ ദേവാലയത്തിൽ ഞാൻ പ്രവേശിച്ചത് മഹാകവി അന്ത്യവിശ്രമം കൊള്ളുന്ന ഇടം ഒരു നോക്കു കാണുവാനായിരുന്നു.
വെള്ളക്കാരന്റെ മുതുമുത്തച്ഛൻ
കറുത്തവനോ?
തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സോമർസെറ്റ് കൗണ്ടിയിലുള്ള ചെഡ്ഡാർ ഗ്രാമത്തിൽനിന്നു ലഭിച്ച ബ്രിട്ടനിലെ ഏറ്റവും പുരാതനമായ മാനവ അസ്ഥികൂടം പരിശോധിച്ച്, നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ആദിമവെള്ളക്കാരന്റെ മുഖം പുനർനിർമിച്ചപ്പോൾ, അദ്ദേഹത്തിന് കറുത്ത തൊലിയും, കറുത്തു ചുരുണ്ട മുടിയും. ഉരുക്കിയ സ്വർണ്ണം പോലുള്ള ശരീരവർണ്ണത്തിലും ബ്ലോൺഡ് കോലൻ തലമുടിയിലും അഭിമാനം കൊള്ളുന്നവർ തങ്ങളുടെ കാരണവർ ഇത്തരക്കാരനാകുമെന്ന് ഒരിക്കലും കരുതിക്കാണില്ല. ലോകപ്രശസ്തമായ ചെഡ്ഡാർ ചീസിന്റെ ഉറവിട ഗ്രാമം പ്രകൃതിഭംഗിയോടും അതിന്റെ അമ്പരപ്പിക്കുന്ന എല്ലാ നിഗൂഢതകളോടും കൂടി ഞങ്ങൾ അവിടെ കണ്ടു. 10,000 വർഷം പഴക്കമുള്ള ചെഡ്ഡാർ മനുഷ്യന്റെ പൂർണ്ണ രൂപത്തിലുള്ള അസ്ഥികൂടം കണ്ടെത്തിയ ഗഫ്സ് ഗുഹയൊന്നു കാണാൻ എന്നെപ്പോലെത്തന്നെ പത്നി ഡോ. വല്ലികയ്ക്കും മക്കളായ ആരതി കൃഷ്ണയ്ക്കും അനന്യാ കൃഷ്ണയ്ക്കും വലിയ അവേശമായിരുന്നു.1903-ൽ കണ്ടെത്തിയ പുരാതനമനുഷ്യന്റെ അവശിഷ്ടം, ജനിതക പരിശോധനകൾക്കായി പിന്നീട് ഗുഹയിൽ നിന്ന് ലണ്ടനിലേക്കു കൊണ്ടുപോയെങ്കിലും, സന്ദർശകരുടെ ആകാംക്ഷ മാനിച്ചുകൊണ്ട് ഒരു മാതൃകാ അസ്ഥിപഞ്ചരം യഥാസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട്. അർമേനിയയിലെ ഭൂഗർഭ തടവറയിൽ കരിങ്കടലിനടുത്തുള്ള അർമേനിയയിലെ 'ഖോർ വിരാപ്പ് " എന്ന പുരാതന മോണസ്ട്രിയിലെ കാരാഗൃഹ ഇരുട്ടറയിലേക്കാണ് പുറംജാതീയത ഉപേക്ഷിച്ച് പുതിയതായെത്തിയ ക്രിസ്തുമതം സ്വീകരിച്ച അപരാധത്തിനാണ് ഗ്രിഗർ ലൂസവോറിച്ചിനെ ടിറിഡേറ്റ്സ് മൂന്നാമൻ രാജാവ് എറിഞ്ഞത്. നിഷ്ഠൂരമായ പീഡന മുറകൾക്ക് കുപ്രസിദ്ധി നേടിയ ഈ തടവ് കുഴിയിലേക്ക് എറിയപ്പെട്ടവർ തിരിച്ചെത്തുക പതിവല്ല. ചീഞ്ഞളിഞ്ഞ മനുഷ്യമാംസത്തിന്റെ ദുർഗന്ധവും, പാമ്പുകളും മറ്റു ക്ഷുദ്രജീവികളുമാണവിടെ. അർമേനിയയെ ലോകത്തെ പ്രഥമ ക്രിസ്തുമത രാജ്യമാക്കിമാറ്റിയ സെൻറ് ഗ്രിഗർ ദി ഇല്ല്യൂമിനേറ്റർ 13 വർഷം കഴിച്ചുകൂട്ടിയ ആ ഭയവിഹ്വലമായ ഗർത്തത്തിലേക്ക് 27 പടികളുള്ള ഇരുമ്പുകോണിവഴി ഞാനുമൊന്ന് ഇറങ്ങി നോക്കി. ഖോർ വിരാപ്പിൽനിന്ന് കയറിവന്ന് ഞാൻ നോക്കിനിന്നത് തൊട്ടടുത്ത് കിടക്കുന്ന അരരാത്ത് പർവതമാണ്. 17,000 അടിയോളം ഉയരമുള്ള ഈ ഹിമമലയുടെ അത്യാകർഷകമായ ദൃശ്യം, തടവ് കുഴി അടിച്ചേൽപ്പിച്ച തിക്തചിന്തകളിൽനിന്ന് എനിക്കൽപ്പം മോചനം നൽകി.
നൈൽ നദിയിലെ അപായം
ഏറ്റവും കൂടുതൽ ശാസ്ത്രപുരോഗതി കൈവരിച്ച അമേരിക്കയിൽ, ആധുനിക സൗകര്യങ്ങളും പരിഷ്കാരങ്ങളും പാടെ ഉപേക്ഷിച്ച് സ്വൈരജീവിതം നയിക്കുന്നൊരു മനുഷ്യസമൂഹം ഉണ്ടെന്നറിഞ്ഞപ്പോഴാണ് പെൻസൽവേനിയയിലെ ലങ്കാസ്റ്റർ കൗണ്ടിയിലുള്ള ആമിഷ് ഗ്രാമത്തിലേക്കുപോയത്. അരുവികളും തടിപ്പാലങ്ങളും കുതിരവണ്ടികളും ഗോതമ്പിന്റെയും ചോളത്തിന്റെയും കൃഷിപ്പാടങ്ങളുമാണ് അവിടെ. പിരമിഡുകളും സ്ഫിങ്സും ഈജിപ്തിലെ ഉജ്ജ്വലമായ ദൃശ്യവിഷയങ്ങളായിരുന്നുവെങ്കിലും, നൈൽ നദിയിലെ പാരസെറ്റിക് വിരകളെക്കുറിച്ചും അവ പരത്തുന്ന മാരക രോഗത്തെക്കുറിച്ചുമായിരുന്നു ഒരു യൂറോളജിസ്റ്റ് എന്ന നിലയിൽ ഞാൻ കൂടുതൽ ശ്രദ്ധിച്ചത്. നൈലിൽ കാലെടുത്തുവെക്കുന്ന ഏതൊരാളും ഈ അപകടകാരിയായ വിരയുടെ ഇരയാണ്. ഈ കൃമി ശരീരത്തിൽ പ്രവേശിച്ചാൽ മൂത്രാശയ അർബുദമാണ് ഫലം. ക്രൂഗർ മഹാരണ്യത്തിൽ വടക്കുകിഴക്കൻ ദക്ഷിണാഫ്രിക്കയിൽ ഏകദേശം 20,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തു വ്യാപിച്ചു കിടക്കുന്ന കാനനത്തിലാണ് ലോകത്തെ ഏറ്റവും വലിയതും ഭാരമേറിയതും പൊക്കമുള്ളതും വേഗതയേറിയതുമായ അപൂർവ മൃഗങ്ങളുള്ളത്! ജംഗിൾ സഫാരിക്കിടയിൽ കണ്ടുമുട്ടുന്ന ഭൂമിയിലെ ഏറ്റവും ഭാരമേറിയ മൃഗമായ ആഫ്രിക്കൻ ആന മുതൽ വിസ്മയരൂപിയായ പടുകൂറ്റൻ വെള്ള കണ്ടാമൃഗം വരെയുള്ളവ യാത്രികർക്ക് തരുന്ന ധാരണ ഒന്നു മാത്രം - ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്ക തന്നെയാണ് ആദിമമനുഷ്യന്റെ കളിത്തൊട്ടിൽ. കാടിനോട് അത്രയടുത്തു ഇടപഴകി പരിചയമില്ലാത്ത ഞാൻ കുടുംബസമേതം ഒരു ഒറ്റയാന്റെയും ഒരു സിംഹത്തിന്റെയും ഇടയിൽപെട്ട് ശ്വാസം നിലച്ചുപോയ നിമിഷങ്ങൾ ഓർക്കുമ്പോൾ ഇപ്പോഴുമെന്റെ കൈകാലുകൾ വിറയ്ക്കുന്നു!
നിലയ്ക്കാത്ത തലയോടുകൾ
മനുഷ്യന്റെ ക്രൂരത അറിയാൻ കംബോഡിയ വരെ പോകേണ്ടതില്ലെങ്കിലും, ഒരു മനുഷ്യന് എത്രത്തോളം ക്രൂരനാകാൻ കഴിയുമെന്ന് നേരിൽ കാണണമെങ്കിൽ അവിടെതന്നെ പോകണം. ഗ്രാമങ്ങളിൽപോയി കൃഷി ചെയ്യാൻ വൈമനസ്യം കാണിച്ച കുറ്റത്തിന് പോൾ പോട്ട് എന്ന ഭരണാധിപൻ 1976 മുതൽ 79 വരെയുള്ള ചുരുങ്ങിയ കാലത്ത് കൊന്നുകൂട്ടിയത് 20 ലക്ഷത്തിൽപരം സാധാരണ മനുഷ്യരെയാണ്. വെടിയുണ്ടകൾ തീർന്നപ്പോൾ, അവിടെ സുലഭമായി ലഭിക്കുന്ന കൂർത്ത മുള്ളുകളുള്ള പന മടലുകൾ ഉപയോഗിച്ച് കഴുത്ത് ഈർന്നു മുറിച്ചു. കുട്ടികളെ കാലിൽ തൂക്കി മരത്തിൽ അടിച്ചു തല തകർത്തു കൊന്നു. ചീഞ്ഞളിഞ്ഞ ശവശരീരങ്ങൾ തോന്നിയ ഇടത്തൊക്കെ കുഴിച്ചിട്ടു. 'എന്ത് ആവശ്യത്തിന് നിലം കുത്തിയാലും തലയോടുകൾ ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നു," പോൾ പോട്ടിന്റെ ക്രൂരതയിൽനിന്ന് കഷ്ടിച്ചു രക്ഷപ്പെട്ട ഒരാൾ എന്നോടു പറഞ്ഞു.
വിയറ്റ്നാമിലെ കുചീ തുരങ്കത്തിൽ
വിയറ്റ്നാമിലെ കുചീ തുരങ്കത്തിൽ ഇരുപതു വർഷം നീണ്ടുന്ന യുദ്ധത്തിനൊടുവിൽ വൻ ശക്തിയായ അമേരിക്കയെ ഉത്തര വിയറ്റ്നാം പോരാളികൾ പരാജയപ്പെടുത്തിയത് കുചീ തുരങ്കം കേന്ദ്രീകരിച്ചു നടത്തിയ ഗറില്ലാ മുറയിലുള്ള പോരാട്ടമായിരുന്നു. കുചീ ജില്ലയുടെ ഭൂഗർഭമൊട്ടാകെ വ്യാപിച്ചു കിടക്കുന്ന ടണലുകളുടെ ബൃഹദ് ശൃംഖലയാണിത്. അറുപതിനായിരത്തോളം അമേരിക്കൻ സൈനികരുടെ ജീവൻ കവർന്നത് ഇവിടെ ഒളിച്ചിരുന്നുകൊണ്ട് അവർ നടത്തിയ മിന്നൽ പോരാട്ടങ്ങളായിരുന്നു. ദക്ഷിണ വിയറ്റ്നാമിനെ പിന്തുണക്കാനെത്തിയ അമേരിക്ക ലക്ഷ്യം കാണാതെ പിൻവാങ്ങുകയാണുണ്ടായത്.
ലിയയിലെ പെൻഗ്വിനും
ചൈനയിലെ വന്മതിലും
ആസ്ട്രേലിയയിൽ പോകുന്നെങ്കിൽ മെൽബൺ നഗരത്തിനടുത്തുള്ള ഫിലിപ് ദ്വീപ് ഒഴിവാക്കരുത്. പെൻഗ്വിനുകൾ കൂട്ടംകൂട്ടമായി അന്നത്തെ കടൽവാസം അവസാനിപ്പിച്ച് കരയ്ക്കണയുന്ന ദൃശ്യം ഒരു സഞ്ചാരിക്കും മറക്കാനാവില്ല. സന്ധ്യയിൽ കുണുങ്ങിക്കുണുങ്ങിയുള്ള ആ കരയേറ്റം അത്രമേൽ ഹൃദയം കീഴടക്കും. മനസിന് കുളിരുകോരുന്ന മറ്റൊരു കാഴ്ചയാണ് 21,196 കി.മീ നീണ്ടുകിടക്കുന്ന ചൈനയിലെ വന്മതിൽ. മനുഷ്യനിർമ്മിതമായ മഹാത്ഭുതങ്ങളിലൊന്ന്.