chilli

വാഷിംഗ്ടൺ: കൂടുതൽക്കാലം ആരോഗ്യത്തോടെ ജീവിക്കാൻ ഇതാ ഒരു എളുപ്പവഴി. മുളക് പതിവായി കഴിച്ചാൽ മതി. തെറ്റിദ്ധരിക്കേണ്ട, മുളക് അടങ്ങിയ ഭക്ഷണങ്ങളാണ് പതിവാക്കേണ്ടത്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എ എച്ച് എ) ആണ് ഈ ഉപദേശവുമായി എത്തിയിരിക്കുന്നത്. തങ്ങൾ നടത്തിയ ഗവേഷണത്തിൽ ഇക്കാര്യം വ്യക്തമായെന്നാണ് എ എച്ച് എയുടെ അവകാശവാദം.

അമേരിക്ക, ഇറ്റലി, ചൈന,ഇറാൻ എന്നിവിടങ്ങളിലെ 5,70,000 പേരുടെ ആരാേഗ്യരേഖകൾ വിശദമായി പരിശോധിച്ചാണ് ഗവേഷകർ നിഗമനത്തിലെത്തിയത്. മുളക് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയവരിൽ ഹൃദയപ്രശ്നങ്ങൾ കൊണ്ടുളള മരണനിരക്ക് 26 ശതമാനംവരെ കുറഞ്ഞു എന്നാണ് ഗവേഷകരുടെ അവകാശവാദം. മുളകുപയോഗിക്കുന്നവരിൽ ക്യാൻസർ മൂലമുളള മരണനിരക്ക് ഇരുപത്തിമൂന്നുശതമാനവും, മറ്റ് പലവിധപ്രശ്നങ്ങൾ മൂലമുളള മരണം ഇരുപത്തഞ്ച് ശതമാനവും കുറയ്ക്കാനായെന്നും ഗവേഷകർ പറയുന്നു.

മുളകിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങളാണ് മനുഷ്യന് ദീർഘായുസ് നൽകുന്നത്. ഈ ഘടകങ്ങൾ ഹൃദയപ്രശ്നങ്ങളും കാൻസറും ഉണ്ടാകുന്നത് കുറയ്ക്കുകയും രക്തത്തിന്റെ ഗ്ളൂക്കോസിന്റെ അളവ് പ്രശ്നമായി നിലനിറുത്തുകയും ചെയ്യും. ഇങ്ങനെയാണ് മുളക് ദീർഘായുസ് നൽകുന്നത്. നേരത്തേ നടത്തിയ മറ്റുചില പഠനങ്ങളിലും പതിവായി മുളകുപയോഗിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് വ്യക്തമായിരുന്നു. ഇന്ത്യ അടക്കമുളള ഏഷ്യൻ രാജ്യങ്ങളിൽ ഉളളവരാണ് മുളക് കൂടുതൽ ഉപയോഗിക്കുന്നത്.