കോമിക് കാർട്ടൂണുകളും സ്ട്രിപ്പ് കാർട്ടൂണുകളും ഗ്രാഫിക് നോവലുകളും അനിമേഷനുകളും തുടങ്ങി പരസ്യങ്ങളിൽ വരെ കാർട്ടൂണുകൾക്ക് സ്ഥാനം ഉണ്ടെങ്കിലും മാദ്ധ്യമചരിത്രത്തിൽ കാർട്ടൂണുകൾ എക്കാലത്തും ചർച്ചയായിട്ടുള്ളത് ദിനപ്പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു വരുന്ന രാഷ്ട്രീയ കാർട്ടൂണുകളിലൂടെയാണ്. ആക്ഷേപഹാസ്യമാണ് രാഷ്ട്രീയ കാർട്ടൂണുകളുടെ പൊതുവായ സ്വഭാവം. സാമൂഹ്യനന്മ ലക്ഷ്യമാക്കുന്നതിനൊപ്പം തന്നെ രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും നടക്കുന്ന അനീതികൾ ജനമനസിൽ തട്ടുംവിധം അറിയിക്കുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്യുക എന്നതാണ് ദിനപ്പത്രങ്ങളിലെ രാഷ്ട്രീയ കാർട്ടൂണുകളുടെ ലക്ഷ്യം. നർമ്മം പൊതിഞ്ഞ് അവതരിപ്പിക്കുന്നതിനാൽ രാഷ്ട്രീയ കാർട്ടൂണുകൾക്ക് ജനപ്രീതി നേടാനുമാകുന്നു. തങ്ങൾ പറയാനാഗ്രഹിച്ചത് തന്നെയാണല്ലോ ഇത് എന്ന് വായനക്കാരന് തോന്നമ്പോഴാണ് ഒരു രാഷ്ട്രീയ കാർട്ടൂൺ ജനപ്രിയമാകുന്നത്. നർമ്മമധുരമായ ഒരു വിനോദോപാധി എന്ന നിലയിലല്ല, ജനതയുടെ പ്രതികരണത്തിന്റേയും പ്രതിഷേധത്തിന്റേയും പ്രതീകമായാണ് രാഷ്ട്രീയ കാർട്ടൂണുകൾ എക്കാലത്തും വിലയിരുത്തപ്പെട്ടിട്ടുള്ളത്.കയ്‌പുള്ള ഗുളികകൾ മധുരത്തിൽ പൊതിഞ്ഞുനൽകുന്നതപോലെയാണ് രാഷ്ട്രീയ കാർട്ടൂണിലെ ചിരി. പലപ്പോഴും അത് സന്തോഷത്തിന്റെ ചിരിയല്ല. സഹനത്തിന്റെ, വേദനയുടെ, അടിച്ചമർത്തലിന്റെ, ചൂഷണത്തിന്റെ എല്ലാം വേദനകൾ കാർട്ടൂണിലെ ചിരിക്കുപിന്നിൽ മറഞ്ഞിരിപ്പുണ്ട്.
യുദ്ധക്കെടുതികൾ മൂലം ദുരിതമനുഭവിക്കുന്ന പിഞ്ചുബാലന്റെ ഭക്ഷണപാത്രത്തിലേക്ക് തളർന്ന് അവശനായ പീരങ്കി കഴുത്തു നീട്ടുന്ന ഒ.വി വിജയന്റെ കാർട്ടൂൺ നമ്മളെ ചിരിപ്പിക്കണമെന്നില്ല. യുദ്ധത്തിന്റെ ഭീകരതയും ഇരകളുടെ നിസഹായാവസ്ഥയും ആ കാർട്ടൂൺ തുറന്നുകാട്ടുന്നു.
കാർട്ടൂൺ വരച്ചതുകൊണ്ട് മാത്രം ഒരഴിമതിയും അനീതിയും ഇല്ലാതാകില്ല. എങ്കിലും ജനതയുടെ പക്ഷത്തുനിന്നുള്ള പ്രതികരണവും പ്രതിഷേധവുമാണ് ഓരോ രാഷ്ട്രീയ കാർട്ടൂണും. ശക്തനായ പൂച്ചയ്‌ക്കെതിരെ ദുർബലനായ എലിയ്‌ക്ക് യഥാർത്ഥജീവിതത്തിൽ ജയിക്കാനാവില്ലെന്ന് നമുക്കറിയാം.എങ്കിലും ടോം ആന്റ് ജെറി കാർട്ടൂണുകളിൽ എലിയുടെ വിജയത്തിൽ നമ്മൾ ആനന്ദം കൊള്ളുന്നു. തിന്മ മേൽക്കോയ്‌മ നേടുന്ന സമൂഹത്തിൽ തിന്മക്കെതിരെ നന്മ നേടുന്ന വിജയമാണ് എല്ലാ കാർട്ടൂണുകളുടെയും കാതൽ. ഏത് മുന്നണി ഭരിച്ചാലും രാഷ്ട്രീയ കാർട്ടൂണിസ്റ്റ് പ്രതിപക്ഷത്താണ്. ഭരണകൂടത്തിന്റെ നയങ്ങളിൽ ജനവിരുദ്ധമായതെന്തോ അതിനെ ജനപക്ഷത്തുനിന്ന് വിമർശിക്കുകയാണ് കാർട്ടൂണിസ്റ്റ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ കാർട്ടൂണിസ്റ്റിന് കക്ഷി രാഷ്ട്രീയമില്ല.ചർച്ച ചെയ്യപ്പെടുന്ന ഏത് രാഷ്ട്രീയ കാർട്ടൂണിലും ജനതയുടെ പ്രതിഷേധത്തിന്റെ മൂർച്ചയുണ്ടായിരിക്കും.
കാർട്ടൂണുകളുടെ ആയുസ്
കാലം രാഷ്ട്രീയകാർട്ടൂണിന്റെ കാലനാണ്. ഇന്നത്തെ രാഷ്ട്രീയസംഭവങ്ങൾക്കനുസരിച്ച് വരക്കുന്ന കാർട്ടൂണിന്റെ പശ്ചാത്തലം ഒരുപക്ഷെ അഞ്ചോ പത്തോ വർഷങ്ങൾക്കുശേഷം കാർട്ടൂൺ കാണുന്ന വായനക്കാരന് മനസിലാകണമെന്നില്ല. പക്ഷേ കാലത്തെ വെല്ലുന്ന രാഷ്ട്രീയകാർട്ടൂണുകൾ ചരിത്രത്തിന്റെ ഭാഗമാവാറുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് അബു എബ്രഹാം ഇന്ത്യൻ എക്‌സ്‌പ്രസിൽ വരച്ച ബാത്ത്ടബ്ബിൽ കിടന്ന് ഓർഡിനൻസുകൾ ഒപ്പിടുന്ന രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദിന്റെ കാർട്ടൂൺ അടിയന്തരാവസ്ഥയുടെ അപഹാസ്യനാളുകളുടെ നേർചിത്രീകരണമായി ഇന്നും വായിക്കപ്പെടുന്നു. ചരിത്രത്തെ രേഖപ്പെടുത്തുകയും സ്വയം ചരിത്രമാവുകയും ചെയ്യുന്ന അത്തരം കാർട്ടൂണുകൾ വരക്കുക എന്നത് ഏതു കാർട്ടൂണിസ്റ്റിനും വെല്ലുവിളിയാണ്.
ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ അവസാനകാലത്ത് കാർട്ടൂണിസ്റ്റ് ശങ്കർ വരച്ച who after Nehru എന്ന കാർട്ടൂണിന് പ്രവചനസ്വഭാവമുണ്ടായിരുന്നു.ആരോഗ്യപരമായ കാരണങ്ങളാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ നെഹ്റു തീരുമാനിച്ച കാലം. നെഹ്റുവിന് ശേഷം ആര് എന്ന ചോദ്യം രാഷ്ട്രീയനിരീക്ഷകർ ചർച്ചചെയ്യുന്നതിനിടയിലാണ് 1964 മെയ് 17ന് ശങ്കേഴ്സ് വീക്ക്ലിയിൽ ഈ കാർട്ടൂൺ പ്രത്യക്ഷപ്പെടുന്നത്.
ഏറെ ശ്രദ്ധേയമായ ഈ കാർട്ടൂൺ പ്രത്യക്ഷപ്പെട്ട് പത്താം ദിവസം നെഹ്റു അന്തരിച്ചു.കാർട്ടൂണിൽ ദീപശിഖയേന്തി ഓടുന്ന അവശനായ നെഹ്‌റുവിനു തൊട്ടുപിന്നാലെ ഓടുന്ന ലാൽ ബഹാദൂർ ശാസ്ത്രി പ്രധാനമന്ത്രിയായി.പിന്നീട് ആ കാർട്ടൂണിൽ വരിവരിയായി ഓടുന്നവരിൽ ഗുൽ സാരിലാൽ നന്ദ, മൊറാർജി ദേശായി, ഇന്ദിരാഗാന്ധി തുടങ്ങിയവർ ഇന്ത്യൻ പ്രധാനമന്ത്രിമാരായി. അതും ശങ്കർ വരച്ച അതേ ക്രമത്തിൽ! പതിമൂന്നുവർഷത്തെ ഇന്ത്യൻ രാഷ്ട്രീയം ശങ്കർ വരച്ച ഈ കാർട്ടൂണിന്റെ തനിയാവർത്തനമാവുകയായിരുന്നു. CAST your VOTE here എന്നതിനുപകരം VOTE your CASTE here എന്നെഴുതിയ ബാലറ്റ് ബോക്‌സിനടത്തേക്ക് പോകുന്ന ഇന്ത്യൻ പൗരനെ ചിത്രീകരിച്ച് വർഷങ്ങൾക്ക് മുൻപ് അബു എബ്രഹാം വരച്ച കാർട്ടൂൺ ഇന്നും പ്രസക്തമാണ്.തിരഞ്ഞെടുപ്പുകളിൽ ജാതിരാഷ്ട്രീയം കൊടികുത്തി വാഴുന്നിടത്തോളം കാലം ആ കാർട്ടൂൺ നിലനിൽക്കും.