പ്രയാഗ്‌രാജ്: അലഹാബാദിൽ നിന്നുളള ലോക്‌സഭാംഗമായ റീത്ത ബഹുഗുണ ജോഷിയുടെ ആറ് വയസുകാരിയായ ചെറുമകൾ പൊളളലേറ്റ് മരിച്ചു. ദീപാവലി ദിവസം രാത്രിയായിരുന്നു കുട്ടിയ്‌ക്ക് പടക്കത്തിൽ നിന്ന് പൊളളലേറ്റത്. റീത്തയുടെ വീട്ടിലെ തെറസിൽ വച്ചായിരുന്നു സംഭവം. മറ്റ് കുട്ടികൾക്കൊപ്പം കളിക്കാൻ തെറസിലെത്തിയ കുട്ടിയുടെ വസ്‌ത്രത്തിൽ പടക്കത്തിൽ നിന്നുളള തീ പിടിക്കുകയായിരുന്നു. ചുറ്റുമുളള പടക്കങ്ങളുടെ ശബ്ദം കാരണം പൊളളലേറ്റ് കരഞ്ഞ കുട്ടിയുടെ ശബ്‌ദം പുറത്ത് കേട്ടില്ല.
പിന്നീട് കുട്ടിയെ കണ്ടെത്തുമ്പോൾ 60 ശതമാനത്തോളം പൊളളലേറ്റ് കഴിഞ്ഞിരുന്നു. അടുത്തുളള സ്വകാര്യ ആശുപത്രിയിൽ ഉടനെ ചികിത്സയ്‌ക്കായി എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്‌ക്കായി ഡൽഹി മിലിറ്ററി ആശുപത്രിയിലേക്ക് മാറ്റാനൊരുങ്ങി. ഇതിനായി എയർ ആംബുലൻസ് തയ്യാറാക്കവേയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.