സവാളയുടെ വില ദിവസന്തോറും കുതിച്ച് കേറുന്നതോടെ കേരളത്തിലും സവാള കൃഷി ചെയ്യാൻ തുടങ്ങിയിരിക്കുകയാണ് കർഷകർ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ ഉത്തരേന്ത്യൻ വിളയെ നമുക്കും വളർത്താം.
മഴക്കാലം ഒഴിവാക്കി കൃഷി ചെയ്യുന്നതാണ് നല്ലത്. നടുമ്പോൾ നല്ല തണുപ്പും കുറച്ചു വളർന്നു കഴിയുമ്പോൾ ചൂടുമാണ് അനുയോജ്യമായ കാലാവസ്ഥ. വിത്ത് നടുമ്പോൾ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ചെറിയ വിത്തുകൾ നടുന്നതായിരിക്കും നല്ലത്.
കൃഷിയിടം നന്നായി കിളച്ച് കട്ടയുടച്ച് പൊടിമണ്ണാക്കിയ തടങ്ങളിൽ ഒരു സെന്റിന് രണ്ടുകിലോഗ്രാം എന്ന തോതിൽ കുമ്മായം ചേർത്തിളക്കണം. ഒരാഴ്ചയ്ക്കു ശേഷം ചാണകപ്പൊടിയോ കോഴിക്കാഷ്ടമോ, മണ്ണിരകമ്പോസ്റ്റോ ചേർത്തിളക്കണം. മൂന്നടി വീതിയും പത്തടിനീളവും അരയടി ഉയരവുമുള്ള ചെറുതടങ്ങൾ എടുക്കണം. ഇതിൽ 20 സെ.മീ അകലത്തിൽ തൈകൾ നടാം.
വിത്തുകൾ തവാരണകളിൽ പാകുന്നതാണ് ഉചിതം. ചെടികൾ തമ്മിൽ പത്ത് സെന്റീമീറ്റർ അകലം വേണം. വെള്ളം ആവശ്യമനുസരിച്ച് ഒഴിക്കണം. ആദ്യ ഘട്ടത്തിൽ നനയ്ക്കുന്നത് വളരെ നല്ലതാണ്. പത്തു ദിവസം കൂടുമ്പോൾ ആദ്യ വളം ചെയ്യണം. രാസവളമോ, പുളിപ്പിച്ച് നേർപ്പിച്ച പിണ്ണാക്ക് ലായനിയോ മറ്റ് ജൈവ വളമോ ഉപയോഗിക്കാം.
പൂർണമായും സൂര്യപ്രകാശം കിട്ടുന്നയിടത്തുവേണം തൈകൾ നടാൻ. ടെറസിലും അടുക്കളമുറ്റങ്ങളിലും ഗ്രോബാഗിലും ചട്ടികളിലും സവാള നടാം. ബാഗിൽ വെള്ളം കെട്ടിക്കിടന്നാൽ വേഗം അഴുകി പോകും. അക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തണം. നന കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. നന കുറഞ്ഞാൽ ചെടി ഉണങ്ങിപ്പോകും. വേരുകൾ നേർത്തതായതിനാൽ വെള്ളം കൂടിയാൽ എളുപ്പത്തിൽ ചീയും. നട്ട് നാലുമാസമാകുമ്പോൾ വിളവെടുക്കാം.