alagiri

ചെന്നൈ: എൻ ഡി എയിൽ ചേരുന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കരുണാനിധിയുടെ മകൻ എം കെ അളഗിരി. ഡി എം കെ പാർട്ടി ഉന്നതാധികാരസമിതി യോഗം വിളിച്ചതിന് പിന്നാലെയാണ് അളഗിരിയുടെ പ്രതികരണം. ഡി എം കെയുടെ തുടർനീക്കങ്ങൾ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം എടുക്കാനാണ് അളഗിരിയുടെ തീരുമാനം.

പുതിയ പാർട്ടി രൂപീകരിച്ച് അണ്ണാ ഡി എം കെ- ബി ജെ പി സഖ്യത്തിലേക്ക് പോകാൻ അളഗിരി തയ്യാറെടുക്കുന്നു എന്ന തരത്തിൽ തിങ്കളാഴ്ചയാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ അളഗിരി ഈ പ്രചാരണം പൂർണമായി തളളി. പാർട്ടി രൂപീകരണത്തെ കുറിച്ച് താൻ ആലോചിച്ചിട്ടില്ല. ആരൊക്കെയോ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ നവംബർ 21ന് ചെന്നൈയിലെത്തുന്ന അമിത് ഷായെ കാണും എന്ന പ്രചാരണവും അളഗിരി തളളി.

വിമത നീക്കങ്ങളുടെ പേരിൽ പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് 2014ലാണ് അളഗിരിയെ ഡി എം കെയിൽ നിന്ന് പുറത്താക്കുന്നത്. പിന്നാലെ സ്റ്റാലിന്റെ നേതൃത്വത്തിനെതിരെ പരസ്യമായി അളഗിരി രംഗത്തെത്തിയിരുന്നു. അളഗിരിയുടെ ബി ജെ പി പ്രവേശനം സംബന്ധിച്ച ചർച്ചകൾക്കിടെയാണ് ഡി എം കെ പാർട്ടി ഉന്നതാധികാരസമിതി യോഗം വിളിച്ചിരിക്കുന്നത്.

തിങ്കളാഴ്‌ച ചെന്നൈയിൽ ഡി എം കെ ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ സ്റ്റാലിൻ പങ്കെടുക്കും. അളഗിരിക്കായി എൻ ഡി എ ചരടുനീക്കം തുടങ്ങിയതോടെ അദ്ദേഹത്തെ ഡി എം കെയിൽ തിരിച്ചെടുക്കണമെന്ന് ഒരുവിഭാഗം പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്.