kanam-jose-k-mani

സി.പി.ഐയോ അതോ മാണി മകൻ ജോസിന്റെ കേരള കോൺഗ്രസോ " വലിയവൻ" എന്നതാണ് കോട്ടയത്തെ പുതിയ തർക്കപ്രശ്നം. യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറിയ കേരളകോൺഗ്രസ് ജോസ് രണ്ടാമത്തെ വലിയ കക്ഷിയാണെന്ന് വിശേഷിപ്പിച്ചത് സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവനായിരുന്നു. 'വന്നേട്ടനെക്കുറിച്ചുള്ള വല്യേട്ടന്റെ' ഈ പുകഴ്‌ത്തൽ സി.പി.ഐക്ക് അത്ര സുഖിച്ചില്ല. മറുപടി പറയാൻ സാക്ഷാൽ കാനം രാജേന്ദ്രൻ തന്നെ കളത്തിലിറങ്ങി. കേരളകോൺഗ്രസിന്റെ സൗജന്യത്തിൽ കഴിയുന്ന പാർട്ടിയല്ല സി.പിഐയെന്നായിരുന്നു ചുട്ട മറുപടി. എൽ.ഡി.എഫിൽ സി.പി.എം കഴിഞ്ഞാൽ രണ്ടാമത്തെ വലിയ പാർട്ടി സി.പി.ഐയാണ്. രണ്ട് എം.എൽ.എമാരുള്ള ജോസ് വിഭാഗത്തെയും 19 സീറ്റുള്ള സി.പി.ഐയെയും താരതമ്യം ചെയ്യാനാകില്ല എന്നു പറഞ്ഞ് കാനം ആഞ്ഞടിച്ചപ്പോൾ സി.പി.ഐയിലും ഇരട്ടിയിലേറെ സീറ്റ് ജില്ലാപ്പഞ്ചായത്തിൽ വരെ നേടിയെടുത്ത ജോസ് ചിരിക്കുകയായിരുന്നു.

22 സീറ്റുള്ള കോട്ടയം ജില്ലാപ്പഞ്ചായത്തിൽ സി.പിഎമ്മും ജോസ് വിഭാഗവും ഒമ്പതു സീറ്റ് വീതം പങ്കിട്ടെടുത്തപ്പോൾ സി.പിഐക്ക് കിട്ടിയത് നാല് സീറ്റ് മാത്രമാണ്. കഴിഞ്ഞ തവണ ലഭിച്ച അഞ്ചിൽ ഒരു സീറ്റ് ജോസിന് വിട്ടു കൊടുക്കേണ്ടിയും വന്നു. ഒരു സീറ്റ് കൂടി ജോസിന് കൊടുക്കാൻ സി.പി.എം ആവശ്യപ്പെട്ടപ്പോൾ പള്ളീൽ പറഞ്ഞാൽ മതിയെന്നായിരുന്നു കാനം രാജേന്ദ്രൻ കൂടി പങ്കെടുത്ത സി.പി.ഐ ജില്ലാ കൗൺസിൽ തീരുമാനം. സി.പി.എമ്മിലും കൂടുതൽ സീറ്റ് ചോദിച്ച ജോസിനെ അവസാനം സി.പി.എം പിടിച്ചുനിറുത്തിയത് സി.പി.ഐ സീറ്റ് വിട്ടുകൊടുക്കാതെ നാലുസീറ്റിൽ ഉറച്ച നിലപാട് സ്വീകരിച്ചതു കൊണ്ട് മാത്രമായിരുന്നു. ജില്ലാ പഞ്ചായത്തിൽ നാലുസീറ്റ് മാത്രം കിട്ടിയ സി.പി.ഐയുടെ ഒരു സീറ്റ് വച്ചുമാറണമെന്നും ജോസ് ആവശ്യപ്പെട്ടു. പള്ളീൽ പറഞ്ഞാൽ മതിയെന്നായിരുന്നു അതിനും മറുപടി.

ജില്ലാപ്പഞ്ചായത്തിൽ കടുംപിടുത്തം നടത്തിയ ജോസിനെ സി.പി.എം മെരുക്കിയത് പാലായിൽ കൂടതൽ സീറ്റ് വാഗ്ദാനം ചെയ്തായിരുന്നു പാലാ നഗരസഭയിൽ ജോസ് വിഭാഗത്തിന് 17 സീറ്റ് ലഭിച്ചപ്പോൾ സി.പിഐക്ക് കിട്ടിയത് രണ്ട് സീറ്റായിരുന്നു. സി.പി.എം മത്സരിക്കുന്നത് ആറ് സീറ്റിലും. രണ്ട് സീറ്റെന്ന ഔദാര്യം തള്ളി സി.പി.ഐ ഒറ്റക്കു പത്തു സീറ്റിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പല നഗരസഭകളിലും പഞ്ചായത്തിലും ജോസിന് കൂടുതൽ സീറ്റ് കൊടുത്തതിൽ അസ്വസ്ഥരാണ് സി.പി.ഐ. പക്ഷേ എന്തുചെയ്യാം കോട്ടയത്ത് ജോസിനാണ് സി.പി.ഐയിലും ശക്തി എന്ന് . വല്യേട്ടൻ തീരുമാനിച്ച് കൂടുതൽ സീറ്റ് കൊടുത്താൽ സഹിക്കുക തന്നെ. ജോസ് വിഭാഗം മദ്ധ്യകേരളത്തിലെങ്കിലും ഇടതുമുന്നണിയിൽ രണ്ടാം കക്ഷിയായി വളരുമെന്ന് മുൻകൂട്ടി കണ്ടിട്ടായിരുന്നു ജോസിനെ വേണ്ടെന്ന് സി.പി.ഐ ആദ്യമേ പറഞ്ഞത് .ആര് കേൾക്കാൻ ?

കേരള കോൺഗ്രസിന്റെ ഏതു ഗ്രൂപ്പാണെങ്കിലും ഏതു മുന്നണിയിൽ ചെന്നാലും അവിടത്തെ സ്വസ്ഥത ഇല്ലാതാക്കുമെന്ന് തദ്ദേശതിരഞ്ഞെടുപ്പ് സീറ്റ് വിഭജനം തെളിയിച്ചു. ഏതു തിരഞ്ഞെടുപ്പിലും ആദ്യം സീറ്റ് വിഭജനം പൂർത്തിയാവുക എന്ന ഇടതുമുന്നണിയിലെ പതിവ് ജോസ് വിഭാഗം ഇടതു മുന്നണിയിലെത്തിയതോടെ അവസാനം സീറ്റു വിഭജനമെന്നതായി മാറി. ജോസഫ് വിഭാഗത്തിന് കോട്ടയത്ത് വലിയ ശക്തിയുണ്ടെന്ന് അവർ പോലും പറയുമെന്നു തോന്നുന്നില്ല .എന്നിട്ടും യു.ഡി.എഫിൽ കഴിഞ്ഞ തവണ ജോസും ജോസഫും ചേർന്ന കേരളകോൺഗ്രസ് മത്സരിച്ച 11 സീറ്റാണ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടത്. ഇടതു മുന്നണിക്കിട്ട് പാരപണിയാനെന്നോണം രണ്ട് സീറ്റ് മാത്രം ഇപ്പോഴുള്ള ജോസഫിന് കോൺഗ്രസ് ഒമ്പതു സീറ്റ് കൊടുത്തത് ലോട്ടറി അടിച്ചതു പോലായി. ഇതോടെ പ്രശ്നമായത് ഇടതു മുന്നണിയിലാണ്. ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണുനീര് കണ്ടാൽ മതിയെന്ന പഴഞ്ചൊല്ല് എപ്പോഴും ഓർക്കുന്നവരാണ് കേരളകോൺഗ്രസുകാർ. കുഴിയാനയായ ജോസഫിന് ഒമ്പതു കിട്ടിയാൽ മദയാനയായ തങ്ങൾക്ക് 11 സീറ്റ് കിട്ടണമെന്ന കടുത്ത നിലപാടിലായി അവർ.

വേലിയേലിരുന്ന പാമ്പിനെ എടുത്ത് തോളത്തിട്ട അവസ്ഥയിലായി സി.പി.എം-സി.പി.ഐ കക്ഷികൾ. ജോസ് വരുന്നത് കോടാലിയാകുമെന്ന് പണ്ടേ മുന്നറിയിപ്പ് നൽകിയതാണ്. സി.പി.എം കേട്ടില്ല. സ്വയം അനുഭവിച്ചോ എന്നാണ് സി.പി.ഐ ഇപ്പോൾ പറയുന്നത്.