gunfire

പഴനി: തമിഴ്‌നാട്ടിൽ വസ്‌തു തർക്കത്തെ തുടർന്ന് വൃദ്ധൻ രണ്ടുപേരെ വെടിവച്ച് വീഴ്‌ത്തി. പഴനിയിലെ അപ്പർ തെരുവിലാണ് സംഭവം. പഴനിയിലെ തീ‌യേ‌റ്റർ ഉടമയായ നടരാജനാണ് തർക്കത്തിനിടെ തോക്കെടുത്ത് വെടിയുതിർത്തത്.

സി.സി.ടി.വിയിൽ നിന്നുമുള‌ള ദൃശ്യങ്ങളിൽ നിന്ന് തർക്കത്തിനൊടുവിൽ രണ്ട് പേരെ വെടി വയ്‌ക്കുന്നതും കൂട്ടത്തിൽ ഒരു വൃദ്ധൻ റോഡിൽ വീഴുന്നതും കാണാം. വെടിവച്ച ശേഷം തിരികെ ജനങ്ങൾ പ്രതികരിച്ചു. ഇവർക്ക് നേരെയും വെടിയുതിർക്കാൻ ശ്രമിച്ച നടരാജൻ ശേഷം നടന്നു പോകുകയും ചെയ്‌തു.

തീയേ‌റ്റർ ഉടമയായ നടരാജന്റെ തീയേ‌റ്ററിന്റെ സമീപം പന്ത്രണ്ട് സെന്റ് സ്ഥലമുള‌ള ഇളങ്കോവനുമായി സ്ഥലത്തിന്റെ പേരിലെ തർക്കത്തിനൊടുവിലാണ് വെടിവയ്‌പ്പുണ്ടായത്. ഇളങ്കോവന്റെ ബന്ധുക്കളായ പളനിസ്വാമി, സുബ്രഹ്‌മണി എന്നിവരെയാണ് നടരാജൻ വെടിവച്ചത്. സംഭവത്തെ തുടർന്ന് പഴനി പൊലീസ് നടരാജനെ കസ്‌റ്റഡിയിലെടുത്തു.ഇയാൾക്ക് തോക്ക് ലൈസൻസ് ഉണ്ടായിരുന്നെന്നും പുതിയ ലൈസൻസിന് അപേക്ഷനൽകിയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുബ്രഹ്‌മണി വൈകാതെ മരണമടഞ്ഞു. വെടിയേ‌റ്റ പളനിസ്വാമിയുടെ തുടയിൽ നിന്നും വെടിയുണ്ട പുറത്തെടുത്തു. ചികിത്സ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.