kifbi

കൊച്ചി: കിഫ്‌ബി വിഷയത്തിൽ സി.എ.ജി റിപ്പോർട്ട് പുറത്ത് വിട്ട ധനമന്ത്രി ചട്ടലംഘനം നടത്തിയെന്ന് വി.ഡി സതീശൻ എം.എൽ.എ. കിഫ്‌ബിയെ കുറിച്ച് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ പറഞ്ഞത് ഇത് സർക്കാരിന്റെ ഭാഗമാണെന്നാണ്. ഇതിന്റെ അടിസ്ഥാന മൂലധനം സർക്കാരിന്റെ സഞ്ചിത നിധിയിൽ നിന്ന് നൽകുന്നതാണ്. അങ്ങനെയുള‌ള കിഫ്ബി സർ‌ക്കാരിന് പുറത്തുള‌ളതാണെന്ന് വാദിക്കുന്നത് നിരർത്ഥകമാണെന്ന് വി.ഡി സതീശൻ പറഞ്ഞു. മന്ത്രി രാജിവയ്‌ക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ രാജ്യത്തിന് പുറത്ത് നിന്നും ലോണെടുക്കാൻ സംസ്ഥാന സ‌ർക്കാരിന് കഴിയില്ല. അങ്ങനെയുള‌ളപ്പോൾ ധൂർത്തും അഴിമതിയും നടത്തുന്ന ഈ സ്ഥാപനത്തിന് സർക്കാരുമായി ബന്ധമില്ലെന്ന് ധനമന്ത്രി പറയുന്നു. കിഫ്‌ബിയുമായി ബന്ധപ്പെട്ട ഓഡി‌റ്റ് റിപ്പോർട്ടിന്റെ പകർപ്പ് കാണാനില്ലെന്ന മന്ത്രിയുടെ അഭിപ്രായം വിചിത്രമാണ്. ചട്ടലംഘനം നടത്തി നിയമസഭയുടെ അവകാശമാണ് ധനമന്ത്രി ലംഘിച്ചതെന്ന് സതീഷൻ പറഞ്ഞു.

അതേസമയം ചട്ടലംഘനമല്ലേ അത് നിയമസഭയിൽ നോക്കാമെന്ന വാദമാണ് പത്രസമ്മേളനത്തിൽ ഇന്ന് ധനമന്ത്രി ഉയർത്തിയത്. കിഫ്‌ബിയെ കുറിച്ച് ഒരു അവിശ്വാസവും ഒരുഘട്ടത്തിലും സി.എ.ജി സ‌ർക്കാരിനോട് ഉന്നയിച്ചിരുന്നില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.