തിരുവനന്തപുരം: ഏറ്റവുമധികം പ്രാദേശിക കൂട്ടായ്‌മകൾ മത്സരിക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയിലാകും ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടംപിടിക്കുക. പ്രാദേശിക തലത്തിലെ വിഷയങ്ങളും വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിലെ പാളിച്ചകളും മുന്നണി രാഷ്ട്രീയത്തോടുളള വിയോജിപ്പുകളുമാണ് ഭൂരിപക്ഷം പ്രദേശങ്ങളിലും പ്രാദേശിക കൂട്ടായ്‌മകൾ രൂപപ്പെടാനുളള കാരണം.
ജനങ്ങളുടെ ‘പൾസ്’ മനസിലാക്കി 2015ൽ എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്ത് പിടിച്ച ‘ട്വന്റി ട്വന്റി’ മോഡൽ ഇക്കുറി പടരുകയാണോയെന്നാണ് പ്രധാനമായും സംശയിക്കേണ്ടത്. പ്രാദേശിക കൂട്ടായ്‌മകൾ മുന്നണികളുടെ ‘പിച്ച്’ കവർന്നെടുക്കുമോയെന്നും കണ്ടറിയണം. തലസ്ഥാന ജില്ലയിൽ ഉൾപ്പടെ ഒരുപിടി ജനകീയ കൂട്ടായ്‌മകൾ സ്ഥാനാർത്ഥികളുമായി ഇത്തവണയും രംഗത്തിറങ്ങിയിട്ടുണ്ട്.
കിഴക്കമ്പലത്തെ ട്വന്റി ട്വന്റിക്ക് ഇക്കുറി സ്ഥാനാർഥികൾ 93 പേരാണ്. കിഴക്കമ്പലത്തിന് പുറമേ കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ, വെങ്ങോല പഞ്ചായത്തുകളിലും അവർ കളം പിടിക്കാൻ ഇറങ്ങി. കിഴക്കമ്പലത്തിന്റെ ആവേശം കൊച്ചി നഗരത്തിലേക്കും പടർന്നപ്പോൾ ‘വി 4 കൊച്ചി’ ഉദയം ചെയ്തു. ‘അധികാരം ജനങ്ങളിലേക്ക്’ എന്നതാണു മുദ്രാവാക്യം. 39 ഡിവിഷനുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഉദയംപേരൂരിൽ ടീം ട്വന്റിയും ചെല്ലാനം പഞ്ചായത്തിൽ മറ്റൊരു ട്വന്റി ട്വന്റിയും മുന്നണികൾക്ക് വെല്ലുവിളിയായി രംഗത്തുണ്ട്. തൃപ്പൂണിത്തുറയിൽ ‘വി ഫോർ തൃപ്പൂണിത്തുറ’യും മത്സരിക്കുന്നുണ്ട്.
സി പി എം ശക്തികേന്ദ്രമായ കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിൽ, വികസന മുരടിപ്പിൽ പ്രതിഷേധിച്ച് കൈനകരി വികസന സമിതിയുണ്ടാക്കിയവർ മൂന്ന് വാർഡുകളിൽ ഒറ്റയ്‌ക്ക് മത്സരിച്ച് ജയിച്ചു. ഇത്തവണയും 3 സീറ്റുകളിൽ മത്സരിക്കുന്നു.ആസൂത്രണ ബോർഡ് മുൻ അംഗം ജി വിജയരാഘവന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം വികസന മുന്നേറ്റം (ടി വി എം) കോർപറേഷൻ തിരഞ്ഞെടുപ്പിൽ 12 വാർഡുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ജനങ്ങൾക്കിടയിൽ അഭിപ്രായ സർവേ നടത്തി സ്ഥാനാർത്ഥികളെ കണ്ടെത്തുന്ന രീതിയാണ് ജനകീയ സമിതികളിൽ പലതും സ്വീകരിക്കുന്നത്. കിഴക്കമ്പലത്ത് ഓരോ വാർഡിലും സർവേ നടത്തി വനിതകൾക്ക് മുൻതൂക്കമുളള പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ചെല്ലാനത്ത് വാട്സാപ്പ് കൂട്ടായ്‌മകൾ സർവേ നടത്തി സ്ഥാനാർത്ഥികളെ നിശ്‌ചയിക്കുകയായിരുന്നു.