വുഹാൻ: ചൈനയിൽ കൊവിഡ് ബാധിതരുടെ ദുരിതങ്ങൾ റിപ്പോർട്ടുചെയ്ത സിറ്റിസൺ ജേർണലിസ്റ്റിനെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ. മുപ്പത്തേഴുകാരിയും മുൻ അഭിഭാഷകയുമായ ഷാങ് സാനെ ശിക്ഷിക്കാനുളള നടപടികളുമായി ചൈനീസ് അധികൃതർ മുന്നോട്ടുപോവുകയാണ്. കഴിഞ്ഞ മേയ് മുതൽ ഷാങ് സാനെ അധികൃതർ തടഞ്ഞുവച്ചിരിക്കുകയാണ്. കുടുംബാംഗങ്ങൾക്കെതിരെയും നടപടി ഉണ്ടാവും എന്നാണ് റിപ്പോർട്ട് . ഇല്ലാത്ത കാര്യങ്ങൾ മനപൂർവം പ്രചരിപ്പിക്കുന്നു എന്ന കുറ്റമാണ് ഷാങ് ഹാനുമേൽ ആരോപിക്കപ്പെട്ടിരിക്കുന്നത്. തങ്ങൾക്ക് ഇഷ്ടപ്പെടാത്തവരെ ശിക്ഷിക്കാൻ ചൈനീസ് അധികൃതർ ആരോപിക്കുന്ന കുറ്റമാണിത്.
ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോർട്ടുചെയ്ത ചൈനീസ് നഗരമാണ് ചൈനയിലെ വുഹാൻ. എല്ലാം ഇരുമ്പുമറയ്ക്കുളളിൽ ഒളിപ്പിച്ച ചൈന അവിടെ കാര്യങ്ങൾ എല്ലാം ഭദ്രമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അവിടെ ശരിക്കും സംഭവിക്കുന്നത് എന്താണെന്ന് ഷാങ് സാൻ പുറംലോകത്തോട് വിളിച്ചുപറഞ്ഞു. വുഹാനിലെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയവരെ തടഞ്ഞുവച്ചതും രോഗബാധിതരുടെ കുടുംബങ്ങളെ അധികൃതർ ഉപദ്രവിച്ചതും അടക്കമുളള കാര്യങ്ങൾ ഷാങ് റിപ്പോർട്ടുചെയ്തു. ഇതോടെയാണ് അവർ അധികൃതരുടെ നോട്ടപ്പുളളിയായത്. മേയ് 14മുതലാണ് ഷാങ് സാനെ കാണാതായത്. അറസ്റ്റിലാണെന്ന് അപ്പോൾത്തന്നെ സംശയമുണ്ടായിരുന്നു. ജൂണിൽ ഔദ്യാേഗികമായി ഷാങിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ അനുമതി കൊടുത്തു.
അധികൃതരുടെ നടപടിക്കെതിരെയുളള പ്രതിഷേധമെന്ന നിലയിൽ തടവിൽ ഷാങ് സാൻ നിരാഹാര സമരം തുടങ്ങിയെങ്കിലും അധികൃതർ ബലംപ്രയോഗിച്ച് ഭക്ഷണം കഴിപ്പിച്ചു എന്നാണ് റിപ്പോർട്ട്. ഹോങ്കോങ്ങിന് അനുകൂലമായി പ്രതികരിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞവർഷം സെപ്തംബറിൽ ഷാങിനെ തടവിൽ വച്ചിരുന്നു. കൊവിഡിനെപ്പറ്റിയുളളവാർത്തകൾ പുറത്തുവിട്ടു എന്നാരോപിച്ച് ഡോക്ടർമാർ ഉൾപ്പടെയുളള നിരവധിപേർക്കെതിരെ ചൈനീസ് അധികൃതർ നടപടിയെടുത്തിരുന്നു. ഇതിൽ പലരും ഇപ്പോൾ എവിടെയാണെന്ന് കുടുംബാംഗങ്ങൾക്കുപോലും ഒരു വിവരവുമില്ല.