തിരുവനന്തപുരം: നഗരത്തിലെ ഏക കുടിവെള്ള സ്രോതസായ പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയർത്തുന്ന കാര്യം വാട്ടർ അതോറിട്ടി സജീവമായി പരിഗണിക്കുന്നു. അരുവിക്കരയിലെ പുതിയ 75 എം.എൽ.ഡി പ്ളാന്റ് ഉടൻ കമ്മിഷൻ ചെയ്യുന്നതിനൊപ്പം പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 107.5 മീറ്റർ ആണ് ജലസംഭരണിയുടെ ശേഷി. ഇത് 109.5 മീറ്റർ ആയി ഉയർത്താനാണ് ആലോചിക്കുന്നത്. 110.5 മീറ്റാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 109.5 മീറ്ററിലേക്കെങ്കിലും ഉയർത്തിയാലേ പുതിയ പ്ളാന്റിന്റെ നേട്ടം നഗരത്തിലെ കുടിവെള്ള വിതരണത്തിൽ ലഭിക്കുകയുള്ളൂവെന്നാണ് വാട്ടർ അതോറിട്ടി പറയുന്നത്. ജലനിരപ്പ് ഉയർത്തുന്നതിന് അനുമതി തേടിക്കൊണ്ട് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നൽകാനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ്.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര, സംസ്ഥാന സർക്കാരുകളും നഗരസഭയും സംയുക്തമായാണ് മൂന്ന് ഏക്കർ സ്ഥലത്ത് 75 എം.എൽ.ഡി പ്ലാന്റ് സ്ഥാപിക്കുന്നത്. ഇത് ഡിസംബറിൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഇതോടെ നഗരത്തിലേക്ക് 375 എം.എൽ.ഡി വെള്ളം പമ്പ് ചെയ്യാൻ കഴിയും. എന്നാൽ, കൊടുംവേനലിന്റെ സമയത്ത് ജലക്ഷാമം പരിഹരിക്കണമെങ്കിൽ ഡാമിന്റെ ശേഷി 109.5 മീറ്റർ എങ്കിലും ആക്കിയേ തീരു.
1973ൽ തുടങ്ങിയ 72 എം.എൽ.ഡി പ്ലാന്റ്, 99 ലെ 86 എം.എൽ.ഡി പ്ലാന്റ്, 2011ൽ നിർമ്മിച്ച 74 എം.എൽ.ഡി പ്ലാന്റ്, 36 എം.എൽ.ഡി ബൂസ്റ്റർ പമ്പ് ഹൗസ് എന്നിവയിലൂടെയാണ് നിലവിൽ പേപ്പാറയിൽ നിന്ന് ശുദ്ധജലമെത്തിക്കുന്നത്.
പുതിയ പ്ളാന്റ് പ്രവർത്തനം ആരംഭിച്ചാലും നിലവിലുള്ള പ്ളാന്റുകളും ഒരുമിച്ച് പ്രവർത്തിപ്പിച്ചാൽ മാത്രമേ നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുകയുള്ളൂവെന്നാണ് വിലയിരുത്തൽ. ആദ്യം നിർമ്മിച്ച 72എം.എൽ.ഡി പ്ളാന്റ് തകർന്ന് തരിപ്പണമായ അവസ്ഥയിലാണ്. അതിന്റെ അറ്റകുറ്റപ്പണിക്ക് അനുവദിച്ച 40 കോടി ഒന്നുമായില്ല.
ഈ പ്ളാന്റും കൂടി പ്രവർത്തന സജ്ജമാക്കിയാലേ ഉദ്ദേശിക്കുന്ന രീതിയിൽ നഗരത്തിൽ കുടിവെള്ളമെത്തിക്കാൻ കഴിയൂവെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പ്രതിദിനം നഗരത്തിന് വേണ്ടിവരുന്നത് 350 ദശലക്ഷം ലിറ്റർ വെള്ളമാണ്. എന്നാൽ ഇപ്പോൾ കിട്ടുന്നത് 240 ദശലക്ഷം ലിറ്റർ. പുതിയ പ്ളാന്റിൽ നിന്ന് കിട്ടുന്നത് 74 ദശലക്ഷം ലിറ്ററാണ്. പുതിയ പ്ളാന്റ് പ്രവർത്തിച്ചു തുടങ്ങിയാലും പഴയ പ്ളാന്റുകൾ നിലവിലുള്ള അളവിൽ പ്രവർത്തിച്ചാൽ തന്നെ 350 ദശലക്ഷം ലിറ്ററിൽ എത്താനാവില്ല. പഴയ പ്ളാന്റിന്റെ അറ്റകുറ്റപ്പണി വിവാദത്തിൽ കുരുങ്ങി ഉപേക്ഷിച്ച മട്ടാണ്. പുതിയ പ്ളാന്റ് വരുന്നതോടെ അതിനെ പൂർണമായും കൈവിടാനാണ് സാദ്ധ്യത.