aadith-anand

തിരുവനന്തപുരം: സംഗീതം എന്നത് വാക്കുകൾക്കും വർണനകൾക്കും അതീതമായ ഒന്നാണ്. പ്രായഭേദമില്ലാതെ പലരും ആസ്വദിക്കാറുമുണ്ട് സംഗീതം. പാട്ട് ജീവശ്വാസമായി കരുതുന്ന നിരവധി കലാകാരന്മാരെയും, കേൾവിക്കാർക്ക് ആസ്വാദനത്തിന്റ വേറിട്ട ഭാവങ്ങൾ സമ്മാനിക്കുന്ന നിരവധി പ്രതിഭകളെയുമൊക്കെ സമൂഹമാദ്ധ്യമങ്ങൾ പരിചയപ്പെടുത്താറുണ്ട്. ഇപ്പോഴിതാ സംഗീതാസ്വാദകർക്ക് വേണ്ടി വേറിട്ടൊരു ആവിഷ്‌കാരവുമായി എത്തുകയാണ് ആദിത് ആനന്ദ് എന്ന യുവപ്രതിഭ.

പതിമൂന്നാം വയസിൽ ആദ്യത്തെ മ്യൂസിക് വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ച ആദിത് കഴിഞ്ഞ രണ്ടു വർഷക്കാലം കൊണ്ട് പതിനേഴിലധികം ഗാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ‘വൈൽഡ് ജിപ്‌സി’ എന്ന പേരിലാണ് ആദിത്തിന്റെ ഗാനങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ദൃശ്യമികവിൽ വിസ്‌മയ കാഴ്‌ചകളും ഒപ്പം സംഗീതോപകരണങ്ങളുടെ അകമ്പടിയുമായി എത്തുന്ന ഇലക്ട്രോണിക് മ്യൂസിക് ആൽബം പാട്ട് പ്രേമികളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്കാണ് എത്തിക്കുന്നത്.

ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് വിഭാഗത്തിൽ ഒരുങ്ങിയിരിക്കുന്ന വീഡിയോകൾ ഇതിനോടകം നിരവധി ആസ്വാദകരെ നേടിയെടുത്തുകഴിഞ്ഞു. കാലത്തിന്റെ ഒഴുക്കിന് അനുസരിച്ച് സംഗീത പ്രേമികളുടെ അഭിരുചികളിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മെലോഡിയസ് ഗാനങ്ങൾ മാത്രം ചേക്കേറിയിരുന്ന ഹൃദയങ്ങളിൽ ഫാസ്റ്റ് നമ്പറും ന്യൂജനറേഷൻ തട്ടുപൊളിപ്പൻ ഗാനങ്ങളുമെല്ലാം ഇടം നേടിത്തുടങ്ങിയിട്ട് കാലം കുറച്ചേറെയായി. ആസ്വാദകരിലധികവും ഇക്കാലത്ത് പുതുമകളെയാണ് ഇഷ്‌പ്പെടാറുളളതും. അതുകൊണ്ടുതന്നെ പാട്ട് പ്രേമികൾക്ക് അത്ര സുപരിചിതമല്ലെങ്കിലും മികച്ച സംഗീത ആസ്വാദനം സമ്മാനിക്കുകയാണ് ആദിത് ആനന്ദിന്റെ മ്യൂസിക്ക് വീഡിയോകൾ. അതേസമയം ആദിത്തിന്റെതായി റിലീസിനൊരുങ്ങുന്ന പുതിയ ആൽബമാണ് ‘ബെറ്റർ ലൈഫ്’. അദിതി നായർ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നതും അദിതിയാണ്.