moderna

ന്യൂയോർക്ക്: അമേരിക്കൻ കമ്പനിയായ മൊഡേണ വികസിപ്പിച്ച കൊവിഡ് വാക്സിന്റെ കൂടുതൽ സവിശേഷതകൾ പുറത്ത്. വീട്ടിലുപയോഗിക്കുന്ന ഫ്രിഡ്ജിൽ മുപ്പതുദിവസം വരെ മരുന്ന് പ്രശ്നമില്ലാതെ സൂക്ഷിക്കാം എന്നതാണ് ഇതിന്റെ പ്രധാന മേന്മ. മറ്റുചില കമ്പനികൾ വികസിപ്പിച്ച വാക്സിനുകൾ സൂക്ഷിക്കാൻ മൈനസ് 70 ഡിഗ്രി താപനില വേണമെന്നാണ് റിപ്പോർട്ട്. തങ്ങളുടെ വാക്സിൻ 94.5 ശതമാനം ഫലപ്രദമാണെന്നും മൊഡേണ അവകാശപ്പെട്ടിരുന്നു.

കൊവിഡിനെതിരെയുളള ഏറ്റവും ശക്തവും ഫലപ്രദവുമായ വാക്സിനാണ് മൊഡേണയുടേതെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ. അധികം വൈകാതെ തന്നെ അമേരിക്കയിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലും വാക്സിന്റെ അംഗീകാരത്തിനായുളള അപേക്ഷ സമർപ്പിക്കാനുളള തീരുമാനത്തിലാണ് കമ്പനി. വർഷാവസാനത്തോടെ 20 ദശലക്ഷം ഡോസുകൾ കയറ്റി അയയ്ക്കാൻ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

കൊവിഡ് വാക്സിന്റെ കണ്ടുപിടിത്തം മൊഡേണയുടെ തലവര മാറ്റുന്നതിന്റെ ലക്ഷണങ്ങളാണ് കാട്ടുന്നത്. കൂട്ടുപങ്കാളിത്തത്തോടെ ചെറിയൊരു സ്ഥാപനമായിട്ടായിരുന്നു തുടക്കം. തുടങ്ങി അല്പം കഴിഞ്ഞതോടെ വിപണിയിൽ ഈ കമ്പനികളുടെ ഓഹരികൾക്ക് മൂല്യമുയർന്നു. കൊവിഡ് വാക്സിനുവേണ്ടിയുളള ഗവേഷണം തുടങ്ങിയതോടെ മൂല്യം വീണ്ടും കൂടി. വാക്സിൻ കണ്ടുപിടിച്ചെന്നും അത് കൊവിഡിനെതിരെ 94.5 ശതമാനം വരെ ഫലപ്രദമാണെന്നുമുളള പ്രഖ്യാപനം വന്നതാേടെ ഓഹരിമൂല്യം കുതിച്ചുയരുകയായിരുന്നു.

2010ലാണ് കമ്പനി സ്ഥാപിതമായത്. നിരവധി മരുന്നുകൾ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായ വിവിധതരം ക്യാൻസറുകളെ പ്രതിരോധിക്കുന്ന വാക്സിനുകളെ കണ്ടെത്താനുളള ഗവേഷണം ഇപ്പോഴും തുടരുകയാണ്. ആയിരത്തിലധികം ജീവനക്കാരാണ് മസാച്യുസെറ്റ്സിലെ ഫാക്ടറിയിലുളളത്. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ലോകത്തിന്റെ പല ഭാഗത്തുനിന്നും ഓർഡറെത്തും. കമ്പനിയിലെ നിലവിലെ ഫാക്ടറിയുടെ കപ്പാസിറ്റിവച്ച് ആവശ്യത്തിനനുസരിച്ച് മരുന്ന് ഉത്പാദിപ്പിക്കാനാവുമോ എന്ന ആശങ്കയുണ്ട്.