വാഷിംഗ്ടൺ: സ്ഥാനം ഒഴിയും മുൻപ് ഇറാനെ ആക്രമിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പദ്ധിതിയിട്ടിരുന്നതായി വാർത്ത പുറത്തുവന്നു. വ്യാഴാഴ്ച നടന്ന യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളോട് ട്രംപ് ഇതുസംബന്ധിച്ച് സാദ്ധ്യത തേടിയെന്ന വിവരം പുറത്തുവിട്ടത് ന്യൂയോർക്ക് ടൈംസാണ്. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, ആക്ടിംഗ് പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫർ മില്ലർ, ജോയിന്റ് ചീഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലി തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു. എന്നാൽ, ട്രംപിന്റെ ആവശ്യത്തെ എല്ലാവരും നിരസിച്ചു. ഇത് നടപ്പാക്കാനാകില്ലെന്നും ഇറാനെ ആക്രമിക്കുന്നത് വ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും യോഗം പ്രസിഡന്റിനെ ബോദ്ധ്യപ്പെടുത്തി. ഔദ്യോഗിക വൃത്തങ്ങൾ വാർത്ത സ്ഥിരീകരിച്ചെങ്കിലും വൈറ്റ് ഹൗസ് ഇതു സംബന്ധിച്ച് പ്രതികരിക്കാൻ തയാറായില്ല.
ഇറാൻ ആണവ സമ്പുഷ്ടീകരണം നടത്തുന്നുവെന്ന് യു.എൻ ആണവ നിരീക്ഷക സമിതി റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ട്രംപിന്റെ നീക്കമുണ്ടായത്. ഇക്കഴിഞ്ഞ ജനുവരിയിൽ ബാഗ്ദാദ് വിമാനത്താവളത്തിൽ വച്ച് ഇറാനിയൻ മിലിട്ടറി ജനറൽ ഖസീം സൊലൈമാനിയെ വധിക്കാൻ ട്രംപ് ഉത്തരവിട്ടിരുന്നു. ഇറാനെതിരെ ആണവ കരാർ റദ്ദാക്കുകയും സാമ്പത്തിക ഉപരോധം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു ട്രംപ്.