jour

വുഹാൻ: കൊവിഡ് രോഗ ബാധിതർക്കും കുടുംബാംഗങ്ങൾക്കും നേരിടേണ്ടിവന്ന പ്രയാസങ്ങൾ പുറംലോകത്തെ അറിയിച്ച മാദ്ധ്യമപ്രവർത്തകയെ ജയിലിലടച്ച് ചൈനീസ് സർക്കാർ. അഞ്ചു വർഷത്തേക്കാണ് അഭിഭാഷക കൂടിയായ 37കാരി ഷാങ്ങ് ഷാൻ എന്ന മാദ്ധ്യമപ്രവർത്തകയെ സർക്കാർ തടവിൽ പാർപ്പിച്ചിരിക്കുന്നത്. രാജ്യത്ത് വലിയ തോതിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് ഷാങ്ങിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഇക്കഴിഞ്ഞ മേയ് മുതൽ ഇവരെ ചൈനീസ് അധികൃതർ തടവിലാക്കിയെങ്കിലും ഇപ്പോഴാണ് വാർത്ത പുറത്തുവരുന്നത്. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട വുഹാനിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഷാങ്ങ് ഷാൻ എത്തിയിരുന്നു. തുടർന്നാണ് കൊവിഡ് ബാധിതരുടെയും കുടുംബാംഗങ്ങളുടെയും ദുരിതം നേരിൽക്കണ്ട് സ്റ്റോറിയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഷാങ്ങ് നിരവധി വാർത്തകൾ പുറത്തുവിടുകയും ചെയ്തിരുന്നു. ഇത് ചൈനീസ് അധികൃതരെ വൻതോതിൽ ബാധിച്ചു. മേയ് 14 മുതൽ ഷാങ്ങിനെ കാണാതായി. മനുഷ്യാവകാശ പ്രവർത്തകരുടെ സന്നദ്ധ സംഘടന (സിഎച്ച്ആർഡി) ഇതു സംബന്ധിച്ച് പരാതി നൽകിയെങ്കിലും ജൂൺ അവസാനത്തോടെയാണ് ഇവരെ തടവിലാക്കിയെന്ന വിവരം പൊലീസ് അറിയിച്ചത്. ഇപ്പോൾ ഇവരെ പുഡോംഗിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് സിഎച്ച്ആർഡി വ്യക്തമാക്കുന്നത്.

സെപ്തംബർ രണ്ടു മുതൽ ഷാങ്ങ് ജയിലിൽ നിരാഹാരത്തിലായിരുന്നു. അധികൃതർ ഇവരെ ബലംപ്രയോഗിച്ച് ഭക്ഷണം കഴിപ്പിക്കുന്നതായും സിഎച്ച്ആർഡി വ്യക്തമാക്കുന്നു.

വുഹാനിലെ രോഗബാധ സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ നേരത്തെയും മാധ്യമപ്രവർത്തകരായ ലീ സെഹുവ, ചെൻ ക്വിഷി, ഫാങ് ബിൻ എന്നിവരെ അധികൃതർ തടവിലാക്കിയിരുന്നു.