ബ്രസൽസ്: ലേലത്തിലൂടെ പ്രാവിനെ വിറ്റത് 14 കോടി രൂപയ്ക്ക്. പീജിയൻ പാരഡൈസ് എന്ന ലേലവ്യാപാര സംഘടനയാണ് ഓൺലൈൻ ലേലത്തിലൂടെ റെക്കോഡ് വിൽപ്പന നടത്തിയിരിക്കുന്നത്. ന്യൂ കിം എന്ന പെൺ പ്രാവിനാണ് 1.6 ദലശലക്ഷം യൂറോ ലേലത്തിൽ ലഭിച്ചത്. ഇതോടെ ലോകത്തിൽ ഏറ്റവുമധികം തുകയ്ക്ക് വിറ്റുപോയ പ്രാവെന്ന ബഹുമതിയാണ് ന്യൂ കിമ്മിനെ തേടിയെത്തിയത്. കഴിഞ്ഞ വർഷം 1.2 ദശലക്ഷം യൂറോയ്ക്ക് വിറ്റ പ്രാവിന്റെ റെക്കോഡും ഇതോടെ പഴങ്കഥയായി. പേര് വെളിപ്പെടുത്താത്ത ചൈനീസ് യുവാവാണ് ന്യൂ കിമ്മിനെ സ്വന്തമാക്കിയതെന്ന് പീജിയൻ പാരഡൈസിന്റെ ചെയർമാൻ നിക്കോളാസ് ഗൈസൽ ബ്രച്ച് പറഞ്ഞു. പറക്കൽ പന്തയങ്ങളിൽ വിജയിയായ രണ്ടു വയസുകാരി ന്യൂ കിമ്മിന്റെ ലേലം 200 യൂറോയിലാണ് തുടങ്ങിയത്. ആന്റ് റെപ്പിന് സമീപത്തുള്ള ഗാസ്റ്റണും മകൻ ഗുർട്ട് വാൻ ഡി വൗവറുമാണ് ന്യൂ കിമ്മിന്റെ പരിശീലകർ. ഓൺലൈൻ ലേലത്തിൽ ഇവരുടെ മുഴുവൻ പക്ഷികളെയും വിറ്റിരുന്നു. ഇവരുടെ പരിശീലനം നേടിയ പക്ഷികൾക്ക് നൂറു കിലോമീറ്ററിലധികം പറക്കാനും സ്വന്തം കൂട്ടിലേക്ക് മടങ്ങിയെത്താനും കഴിവുണ്ട്. ചൈനയിലെ പക്ഷിപറക്കൽ മത്സരത്തിൽ പങ്കെടുപ്പിക്കാനും ബ്രീഡ് ചെയ്യാനുമായാണ് കിമ്മിനെ കൊണ്ടുപോയതെന്നും ചെയർമാൻ പറഞ്ഞു. ചൈനയിൽ വൻതുകകളാണ് പക്ഷിപറക്കൽ മത്സരങ്ങളിൽ ലഭിക്കുന്നത്. അതുകൊണ്ടു തന്നെ യൂറോപ്പിലെ ഇത്തരം മത്സരങ്ങളിൽ വിജയിക്കുന്ന പ്രാവുകളെതേടി വൻ തുകയുമായി ചൈനീസ് യുവാക്കൾ എത്താറുണ്ടെന്നും ചെയർമാൻ പറയുന്നു.