v-bhaskaran

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥികളും, സമ്മതിദായകരും അറിയേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങൾ വ്യക്തമാക്കുകയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായ വി. ഭാസ്‌കരൻ. കേരളകൗമുദിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഏതു ഘട്ടം വരെ എത്തി?

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുൻ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. വോട്ടർ പട്ടിക പുതുക്കൽ നടപടികളും പൂർത്തിയായി. പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത് അനുസരിച്ച് രണ്ടുകോടി എഴുപത്തിയാറ് ലക്ഷത്തി അൻപത്തിയാറായിരത്തി അഞ്ഞൂറ്റി എഴുപത്തിയൊൻപത് ( 2,76,56,579)വോട്ടർമാരാണ് കേരളത്തിൽ ആകെയുള്ളത്.

കൊവിഡ് പശ്ചാത്തലമുള്ളതുകൊണ്ടു തന്നെയാണോ മൂന്ന് ഘട്ടങ്ങളായി കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്?

അതെ, അതു തന്നെയാണ് കാര്യം. ഉദ്യോഗസ്ഥർക്കും പൊലീസ് സേനയ‌്ക്കും കൊവിഡ് പശ്ചാത്തലത്തിലെ പ്രത്യേക സാഹചര്യത്തിലുള്ള സൗകര്യം പരിഗണിച്ചാണ് ഇത്തരം ക്രമീകരണം ഏർപ്പെടുത്തിയത്.

കൊവിഡ് ബാധിതർക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടല്ലോ? അത് എപ്രകാരമാണ്?

പോസ്‌റ്രൽ വോട്ടാണ് അതിനു വേണ്ടി അറേഞ്ച് ചെയ്യുന്നത്. പോസ്‌റ്രൽ വോട്ടിനായി അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുപ്പ് ദിവസത്തിന് മൂന്ന് ദിവസം മുമ്പാണ് അപേക്ഷിക്കേണ്ടത്. അതാത് സ്ഥലത്തെ റിട്ടേർണിംഗ് ഓഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വോട്ടർ തന്നെ വേണം അപേക്ഷ സമർപ്പിക്കാൻ.

ആർക്കൊക്കെയാണ് തപാൽ വോട്ട് ചെയ്യാൻ അനുമതിയുള്ളത്?

കൊവിഡ് ബാധിച്ചവർക്കും, ക്വാറന്റൈനിലുള്ളവർക്കും, മുതിർന്ന പൗരന്മാർക്കും, പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും മാത്രമാണ് തപാൽ വോട്ടിന് അനുമതിയുള്ളത്.

വോട്ട് ചെയ്യാൻ വരുന്നയാൾക്ക് കൊവിഡ് ബാധയുണ്ടെന്ന് കണ്ടെത്തിയാൽ അവസരം നിഷേധിക്കുമോ?

അത് സംബന്ധിച്ച് റൂൾസ് തയ്യാറായി വരുന്നതേയുള്ളൂ.

എന്തെല്ലാം മുൻകരുതലുകളാണ് പോളിംഗ് സ്‌റ്റേഷനുകളിൽ കമ്മിഷൻ സ്വീകരിക്കുന്നത്?

സാമൂഹിക അകലം പാലിക്കണം, മാസ്‌ക് നിർബന്ധമായും ധരിച്ച് വരണം, പോളിംഗ് സ്‌റ്റേഷനിലേക്ക് കയറുന്നതിന് മുമ്പ് കൈകൾ സാനിറ്റൈസ് ചെയ‌്തിരിക്കണം. ഇതിനായി പ്രത്യേകം ഒരു ഉദ്യോഗസ്ഥൻ ഉണ്ടാകും. വോട്ട് ചെയ‌്തതിന് ശേഷവും സാനിറ്റൈസ് ചെയ്‌തിരിക്കണം. ഒരേസമയം ഹാളിൽ മൂന്ന് പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. പോളിംഗ് ഉദ്യോഗസ്ഥർക്ക് ഫേസ് ഷീൽഡ്, മാസ്‌ക്, സാനിറ്റൈസർ, ഗ്ളൗസ് എന്നിവ ലഭ്യമാക്കും.

മുതിർന്നപൗരന്മാർക്ക് എന്തെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ?

മുതിർന്ന പൗരന്മാർക്ക് ഒരു തരത്തിലുള്ള നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. മാത്രമല്ല അവർക്ക് പ്രത്യേക പരിഗണനയും നൽകുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് ക്യൂ നിൽക്കേണ്ടി വരില്ല. പോളിംഗ് ബൂത്തിൽ എത്തിയ ഉടൻ തന്നെ വോട്ട് ചെയ‌്ത് മടങ്ങാം. ഗർഭിണികൾക്കും ഇതേ സൗകര്യം ഉണ്ടായിരിക്കും.

തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഒരു സ്ഥാനാർത്ഥിയുടെ കൂടെ പരമാവധി എത്രപേർക്ക് അനുഗമിക്കാം?

ഗൃഹസന്ദർശനത്തിന് സ്ഥാനാർത്ഥിയടക്കം അഞ്ച് പേർക്ക് അനുഗമിക്കാം. വീടിനകത്തേക്ക് പ്രവേശിക്കാൻ പാടില്ല.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി എത്ര ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്?

ഏകദേശം രണ്ടുലക്ഷത്തി ഇരുപത്തയ്യായിരം (2,25,000) ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

വനിതാ പ്രതിനിധികളുടെ പ്രാതിനിധ്യം ജനാധിപത്യത്തിൽ എത്രത്തോളം ഗുണകരമാകുന്നുണ്ട്?

വളരെ നല്ല രീതിയിൽ പ്രയോജനകരമാകുന്നുണ്ട്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന വനിതാ പ്രതിനിധികൾ നിരവധിയാണ്.

വോട്ടിംഗ് സമയം പൂർത്തിയാകുന്നത് വരെയും ക്യൂവിൽ തുടരുന്നവർക്ക് വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകില്ലേ?

തീർച്ചയായും. വോട്ടിംഗ് സമയ പരിധിയായ വൈകിട്ട് ആറു മണിവരെ ക്യൂവിൽ തുടരുന്ന എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകും. ഒരുകാരണവശാലും അത് നിഷേധിക്കില്ല. അവർക്ക് ടോക്കൺ കൊടുക്കുന്നതായിരിക്കും.

വോട്ടർമാരോട് ഇലക്ഷൻ കമ്മിഷന് എന്താണ് പറയാനുള്ളത്?

കൊവിഡിനെ ഭയന്ന് ആരും തങ്ങളുടെ സമ്മതിദാന അവകാശം നിറവേറ്റുന്നതിൽ നിന്ന് മാറി നിൽക്കരുത് എന്നാണ് ഇലക്ഷൻ കമ്മിഷന് പറയാനുള്ളത്. നമ്മുടെ ജനാധിപത്യം ശക്തിപ്പെടുത്താൻ, ജനകീയ ഭരണം തുടരുന്നതിനു വേണ്ടി എല്ലാ വോട്ടർമാരും വോട്ടവകാശം വിനിയോഗിക്കണം.