kidney

ബീജിംഗ്: പുതിയ മോഡൽ ഫോൺ വിപണിയിലെത്തിയാൽ അത് എത്രയും പെട്ടെന്ന് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് പുതിയ തലമുറയിൽ ഏറെയും. അത്തരക്കാർ ചൈനയിലെ 25കാരനായ വാങ് ഷാങ്‌ഗുവിന്റെ ജീവിതം കൂടി ഒന്നറിയുന്നത് നന്നായിരിക്കും. 2011ൽ 17കാരനായ യുവാവ് തന്റെ പ്രിയപ്പെട്ട ഐ ഫോൺ വാങ്ങുന്നതിനായി സ്വന്തം കിഡ്നി തന്നെ വിറ്റു. പകരമായി കിട്ടിയ പണം കൊണ്ട് ഐഫോൺ 4 ഉം ഐ പാഡ് 2 വേർഷനും വാങ്ങി. ഐഫോൺ മോഹം അധികമായപ്പോൾ വാങ് ഷാങ്‌ഗു തന്നെയാണ് ഓൺലൈൻ ചാറ്റ് റൂമിലൂടെ പരിചയപ്പെട്ട വ്യക്തി വഴി അവയവദാന മാഫിയയുമായി ബന്ധപ്പെട്ടത്. ഷാങ്‌ഗുവിന്റെ ഒരു കിഡ്നിക്ക് 20,000 യുവാനാണ് പ്രതിഫലമായി പറഞ്ഞുറപ്പിച്ചത്. ഏകദേശം രണ്ടരലക്ഷം ഇന്ത്യൻ രൂപ. വീട്ടുകാരറിയാതെ ഷാങ്‌ഗു തന്റെ വലത്തേ കിഡ്നി വിറ്റു. കിട്ടിയ പണം കൊണ്ട് മോഹിച്ചതിനുമപ്പുറമുള്ള ഫോണും വാങ്ങി. ആ സന്തോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല.

ഓപ്പറേഷൻ കഴിഞ്ഞ് അധികം വൈകും മുൻപു തന്നെ ഷാങ്‌ഗുവിന് അണുബാധയുണ്ടായി. ശേഷിച്ച ഏക കിഡ്നി പതുക്കെപ്പതുക്കെ പ്രവർത്തനരഹിതമായി. റെനാൾ ഡെഫിഷൻസി ബാധിച്ച ഷാങ്‌ഗു ഇപ്പോൾ ഡയാലിസിസ് മെഷീനൊപ്പമാണ് ജീവിതം തള്ളിനീക്കുന്നത്. മുന്നോട്ടുള്ള ജീവിതം പൂർണമായി കിടക്കയിലാകാതിരിക്കാൻ ദിവസവും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലാണ് ഷാങ്‌ഗു. തുടക്കത്തിൽ ശസ്ത്രക്രിയയുടെ കാര്യം വീട്ടുകാരിൽ നിന്ന് മറച്ചുവച്ച ഷാങ്‌ഗുവിനെക്കൊണ്ട് സത്യം പറയിപ്പിച്ചത് അമ്മയാണ്. പ്രായപൂർത്തിയാകാത്ത കുഞ്ഞിന്റെ കിഡ്നി മോഷ്ടിച്ചുവെന്ന് അമ്മ നൽകിയ പരാതിയിൽ അവയവകച്ചവടത്തിൽ ഏർപ്പെട്ട ഒൻപതു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മകനെ രക്ഷിക്കാനായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ മാതാപിതാക്കൾക്ക് ആഗ്രഹമുണ്ടെങ്കിലും പണം ഒരു വലിയ തടസമായി ഇവർക്കിടയിൽ നിൽക്കുകയാണ്. പുതിയ ഗാഡ്ജെറ്റുകളുടെ പിറകേ പോകുന്ന കുട്ടികൾക്ക് തന്റെ മകന്റെ ജീവിതം തന്നെ ചൂണ്ടിക്കാട്ടി ഉപദേശിക്കുകയാണ് ഷാങ്‌ഗുവിന്റെ മാതാപിതാക്കൾ.