കാർബൺ എന്ന സിനിമയിലെ കാട്, തൊണ്ടിമുതലിലെ പൊലീസ് സ്റ്റേഷൻ, ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഭാസ്ക്കരപ്പണിക്കരുടെ വീട്... ഓരോ സിനിമയുടെയും ആത്മാവാണ് ഇവ ഓരോന്നും, അവയ്ക്ക് പിന്നിൽ കഥയറിഞ്ഞ്, സാദ്ധ്യതകൾ മനസിലാക്കി, വ്യത്യസ്തമായി കലാസംവിധാനം ഒരുക്കുന്ന ഒരാളുണ്ട്,ജ്യോതിഷ് ശങ്കർ. ആ മിടുക്കിനുള്ള കയ്യടിയായിരുന്നു ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം...
'കുമ്പളങ്ങി നൈറ്റ്സ് "സിനിമയുടെ ആത്മാവായ വീട് ഒരുക്കുമ്പോൾ ജ്യോതിഷ് ശങ്കറിന്റെ മനസിൽ അവാർഡ് മോഹമുണ്ടായിരുന്നില്ല. സംവിധായകൻ കാണുന്നതിനും മേലെ എങ്ങനെ കഥയിലെ പരിസരങ്ങൾ ഒരുക്കാമെന്ന ചിന്ത മാത്രമായിരുന്നു ഉള്ളിലുണ്ടായിരുന്നത്. ആ സമർപ്പണത്തിനുള്ള സമ്മാനമായിട്ടായിരുന്നു കലാസംവിധാനത്തിനുള്ള സംസ്ഥാനപുരസ്കാരം ജ്യോതിഷ് ശങ്കറെ തേടിയെത്തിയത്.
''അവാർഡ് കിട്ടിയത് തീർച്ചയായും സന്തോഷം തന്നെയാണ്. ഇതൊരു പ്രോത്സാഹനവും അംഗീകാരവുമൊക്കെയാണല്ലോ. ഇതിലെല്ലാമുപരി പ്രേക്ഷകരുടെ കൈയടികളാണ് വലുത്. എനിക്ക് അവാർഡ് കിട്ടിയെന്നതിനേക്കാൾ സന്തോഷം, എന്റെ കൺസെപ്ട് വിജയിച്ചുവെന്നതിലാണ്. കുമ്പളങ്ങി ചെയ്യുന്ന സമയത്ത് ഒരിക്കലും അവാർഡ് മോഹിച്ചിരുന്നില്ല. പക്ഷേ, ഇതിന് മുമ്പ് അവാർഡ് പ്രതീക്ഷിച്ചിരുന്നുവെന്നത് സത്യമാണ്. ഇതായിരിക്കാം എന്റെ സമയം.""
ഓർക്കാപ്പുറത്ത് ഒറ്റ രാത്രി കൊണ്ട് സിനിമയിലെത്തിയ ആളാണ് ജ്യോതിഷ് ശങ്കർ. ശില്പവും കലയും ജീവനോട് ചേർത്ത് പിടിക്കുന്ന ജ്യോതിഷിനെ തേടി ഇത്തവണ മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുമെത്തി. കുമ്പളങ്ങി പഞ്ചായത്തിലെ 'ഏറ്റവും മോശപ്പെട്ട വീട് " നിർമ്മിച്ചതാണ് അവാർഡ് നേടികൊടുത്തത്. ജ്യോതിഷ് ശങ്കറിന്റെ വിശേഷങ്ങളിലേക്ക്...
മീൻപിടിക്കുന്ന കണ്ടലും
തൊണ്ടിമുതലിലെ പൊലീസ് സ്റ്റേഷനും
ദിലീഷ് പോത്തനാണ് കുമ്പളങ്ങിയിലേക്ക് വിളിക്കുന്നത്. കഥ കേട്ടപ്പോൾ തന്നെ ഞാൻ സമ്മതം അറിയിച്ചു. ദിലീഷിന്റെ ചിത്രങ്ങളെല്ലാം ഒത്തിരിയിഷ്ടപ്പെടുന്ന ആളാണ് ഞാൻ. തൊണ്ടിമുതലിലാണ് ഞങ്ങൾ ആദ്യമായി ഒരുമിച്ചത്. വളരെ റിയലിസ്റ്റിക്കായി കഥ പറയുന്ന സംവിധായകനായതു കൊണ്ടുതന്നെ ദിലീഷിനൊപ്പം വർക്ക് ചെയ്യുന്നതിന്റെ രസം ഒന്നു വേറെ തന്നെയാണ്. കുമ്പളങ്ങിയിൽ ദിലീഷ് പോത്തനും ശ്യാം പുഷ്കരനും പറഞ്ഞ കോൺസെപ്ടാണ് ഞാൻ പ്രാവർത്തികമാക്കിയത്. അതുപോലെയാണ് കുമ്പളങ്ങിയിലെ സജിയുടെ വീടും. ആ വീട് അവിടെ തന്നെയുള്ളതാണെന്നാണ് ഏറെപ്പേരും കരുതിയിരുന്നത്. അവാർഡ് വാർത്ത വന്നപ്പോഴാണ് പലരും അതിന്റെ പിന്നിലെ കഥയറിയുന്നത്. രണ്ടരമാസം കൊണ്ടാണ് വീട് കെട്ടിപ്പടുത്തതും പായൽ വച്ചുപിടിപ്പിച്ചതും. ഒറിജിനൽ പായൽ കൊണ്ടുവന്ന് വെള്ളം സ്പ്രേ ചെയ്ത് വളർത്തിയെടുത്താണ്. അതിനാണിപ്പോൾ അംഗീകാരം ലഭിച്ചത്. അതുപോലെ അവർ മീൻ പിടിക്കാൻ പോകുന്ന സ്ഥലത്തെ കണ്ടൽകാടും സെറ്റ് ചെയ്തതാണ്. തൊണ്ടിമുതലിലെ പൊലീസ് സ്റ്റേഷനും ഇതേ പോലെ അഭിനന്ദനങ്ങൾ നേടിത്തന്നതാണ്. അതും ഇതുപോലെ സെറ്റിട്ടതാണ്. പക്ഷേ, പലരും കരുതിയത് അത് ശരിക്കുമുള്ള പൊലീസ് സ്റ്റേഷൻ ആണെന്നാണ്. വെറും പത്ത് ദിവസം കൊണ്ട് ഉണ്ടാക്കിയതാണ് ആ സ്റ്റേഷനെന്ന് പറഞ്ഞപ്പോൾ പലരും അതിശയിച്ചു. വിശ്വസിക്കാൻ പ്രയാസമാണെന്ന് പറഞ്ഞപ്പോൾ അതാണ് നമ്മുടെ ജോലിക്ക് കിട്ടുന്ന ശരിയായ പ്രതിഫലം എന്നു തോന്നിയിട്ടുണ്ട്.
ആർട്ട് സമുദ്രം പോലെ
ഒറ്റരാത്രി കൊണ്ട് സിനിമയിലെത്തി
കല അന്നേ കൂടെയുണ്ട് ചെറുപ്പം മുതലേ പടം വരയ്ക്കുന്നതിലും ശില്പം ഉണ്ടാക്കുന്നതിലുമൊക്കെയായിരുന്നു താത്പര്യം. അച്ഛൻ അത് തിരിച്ചറിഞ്ഞ് മാവേലിക്കര ഫൈൻ ആർട്സ് കോളേജിൽ കൊണ്ട് ചേർത്തു. അങ്ങനെ പഠിച്ചു തുടങ്ങിയപ്പോഴാണ് ആർട്ട്, സമുദ്രം പോലുള്ള സംഗതിയാണെന്ന് മനസിലാകുന്നത്. ശില്പകലയായിരുന്നു എന്റെ മേഖല. പഠിത്തമൊക്കെ കഴിഞ്ഞ് ആറു വർഷം മാവേലിക്കര രവിവർമ കോളേജിൽ ഉണ്ടായിരുന്നു. അങ്ങനെ കുറച്ച് ആർട്ട് വർക്കുകളൊക്കെ ചെയ്ത് നിൽക്കുന്ന സമയം. അപ്പോഴാണ് ആഗ്രഹം സിനിമയും, ആത്മാവ് ശില്പകലയുമാണെന്ന് തിരിച്ചറിയുന്നത്. അങ്ങനെ ആഗ്രഹത്തിന് പിന്നാലെ കൂടി. കൊല്ലത്ത് ഞങ്ങൾ കലാകാരന്മാരെല്ലാം ഒന്നിച്ച 'മോന്തായം" എന്നൊരു കൂട്ടായ്മയുണ്ടായിരുന്നു. അതാണ് ശരിക്കും കലാകാരനായി വളരാനുള്ള ഊർജമായത്. ഒറ്റ രാത്രി കൊണ്ട് സിനിമയിൽ വന്നയാളാണ് ഞാൻ. ശരത് ലത്തീഫ് എന്ന സുഹൃത്ത് വഴിയാണ് സിനിമ കിട്ടുന്നത്. പുള്ളിയോട് ഒരു രാത്രി മനസിലെ മോഹം പറഞ്ഞു, കുറച്ച് സമയം ആലോചിച്ചശേഷം പുള്ളിക്കാരൻ സുഹൃത്തായ സാലു കെ.ജോർജിനെ വിളിക്കുകയും കാര്യം പറയുകയും ചെയ്തു. അങ്ങനെയാണ് നാളെ പുതിയ പടം തുടങ്ങുകയാണ് രാവിലെ ജോയിൻ ചെയ്തോളാൻ അദ്ദേഹം പറയുന്നത്. അദ്ദേഹത്തോടൊപ്പം മൂന്ന് സിനിമകളിൽ അസിസ്റ്റന്റായി ജോലി നോക്കി.
ആദാമിന്റെ മകനും കുഞ്ഞനന്തന്റെ കടയും
ഒരിക്കൽ കണ്ണൂരിൽ ഒരു പടത്തിന്റെ ലൊക്കേഷനിൽ വച്ച് പുതിയ സിനിമ ചെയ്യുന്നതിനെ കുറിച്ച് സുഹൃത്ത് സലിം അഹമ്മദ് പറഞ്ഞു, കൂട്ടത്തിൽ ആർട്ട് ചെയ്യാമോയെന്ന് എന്നോട് ചോദിച്ചു. അങ്ങനെയാണ് ആദാമിന്റെ മകൻ അബുവിലേക്ക് സ്വതന്ത്രനായി ഞാനെത്തുന്നത്. വെല്ലുവിളികൾ ഏറെയാണ് ഏതാണ്ട് 35 സിനിമകൾ ചെയ്തിട്ടുണ്ട്. എല്ലാ സിനിമകളും കഴിവിന്റെ നൂറ് ശതമാനം കൊടുത്തുകൊണ്ട് തന്നെയാണ് ചെയ്യുന്നത്. ഓരോ സിനിമയും ഓരോ തരത്തിൽ വെല്ലുവിളി നിറഞ്ഞവയാണ്. കുഞ്ഞനന്തന്റെ കട തരിശുഭൂമിയായി കിടന്ന സ്ഥലത്താണ് ചെയ്തത്. അതിനെ കവലയായി സെറ്റ് ചെയ്തെടുക്കുകയായിരുന്നു. മമ്മൂക്ക പോലും സെറ്റാണെന്ന് തിരിച്ചറിഞ്ഞില്ല, അറിഞ്ഞപ്പോൾ പുള്ളി വിളിച്ച് കൊള്ളാം, നന്നായെടാ എന്ന് പറഞ്ഞു. അതാണ് എനിക്ക് കിട്ടിയ ആദ്യ അവാർഡ്. 'പത്തേമാരി"യും ഫുൾ സെറ്റാണ്. ദുബായിലെ വീടും റൂമും ഒക്കെ സെറ്റിട്ടതാണ്. എൺപത്, തൊണ്ണൂറ്, തൊണ്ണൂറ്റിയഞ്ച് അങ്ങനെ ഓരോ കാലഘട്ടത്തിലെയും റൂമുകൾ അടുത്തടുത്ത് സെറ്റ് ചെയ്താണ് ഷൂട്ട് ചെയ്തത്.
കാർബണിലെ കാടുകൾക്ക്
പിന്നിലെ രഹസ്യം
'കാർബണി"ലെ കാടുകൾ കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നുള്ള ഒറിജിനൽ കാടുകളാണ്. മൃഗങ്ങളൊക്കെയുള്ള കാട്. അവിടെയെല്ലാം റിസ്ക്കെടുത്താണ് പോയി ഷൂട്ട് ചെയ്തത്. ഇതൊക്കെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് ചെയ്യുന്നത് എന്നതാണ് മറ്റൊരു കാര്യം. അതുപോലെ കാർബണിന്റെ പോസ്റ്ററിൽ കാണിക്കുന്ന കൂൺ നിർമ്മിച്ചെടുത്തതാണ്. പക്ഷേ, ഏറെപ്പേരും അത് ഒറിജിനലാണെന്ന് കരുതിയിരുന്നു. ഒരുപാട് അഭിനന്ദനങ്ങൾ അതിന് കിട്ടിയിരുന്നു. ഓരോന്നിന് പിന്നിലും പഠനമുണ്ട്. പറയുന്ന ദിവസത്തിൽ തുടങ്ങാൻ പറ്റിയില്ലെങ്കിൽ ആ പ്രൊജക്ട് തന്നെ ചിലപ്പോൾ മുടങ്ങിപ്പോയേക്കും. അതുകൊണ്ട് ആ ഡേറ്റിന് മുന്നേ പണി തീർത്ത് കൊടുക്കാനുള്ള ഉത്തരവാദിത്തവുമുണ്ട്. കല പലർക്കും പലതാണ്. റിയലിസ്റ്റിക്കിന്റെ ഭാഗമാണ് ഞാൻ. സിനിമയ്ക്ക് വേണ്ട ചുറ്റുപാടുണ്ടാക്കി, ആ സിനിമയെ ജീവിപ്പിക്കുന്നു. എങ്ങനെ റിയലായിട്ട് ആർട്ട് ചെയ്യാമെന്ന കൺസെപ്ട് എനിക്ക് വിജയിപ്പിക്കാൻ പറ്റി. ടീമിന്റേത് കൂടിയാണ് വിജയം. നൂറ് പേരോളം സഹായത്തിനുണ്ടാകും. സ്ഥിരമായി പത്ത് പേരാണുള്ളത്. കുമ്പളങ്ങിയിൽ 50 പേർ ഒരുമിച്ചാണ് രാപ്പകലില്ലാതെ വർക്ക് ചെയ്തത്. കലാകാരന് ആദ്യം വേണ്ടത് ഒബ്സർവേഷനാണ്. ജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങളെ കണ്ടെത്തി അവതരിപ്പിക്കുമ്പോഴല്ലേ യഥാർത്ഥ ആർട്ടുണ്ടാകുന്നത്. ഈ ഒബ്സർവേഷൻ നമ്മൾ എവിടെ ഇൻസ്റ്റാൾ ചെയ്യുന്നുവെന്നതിലാണ് കാര്യം. കുമ്പളങ്ങിയിലെ വീട്ടിലേക്ക് പുതിയ സാധനങ്ങളൊന്നും വേണ്ടിയിരുന്നില്ല. എല്ലാം പലയിടങ്ങളിൽ നിന്നായി സംഘടിപ്പിച്ച പഴയ സാധനങ്ങൾ തന്നെയാണ്. ഓരോന്നിന്റെയും നിറം, രൂപം, പഴമ എല്ലാം പ്രധാനമാണ്. ആറ് ദിവസം കൊണ്ടാണ് 'വൈറസി" ന്റെ ഷൂട്ട് നടത്തിയത്. സിനിമയിൽ കാണിക്കുന്ന, കോഴിക്കോട് മെഡിക്കൽ കോളേജ് സെറ്റിട്ടാണ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഷൂട്ട് തുടങ്ങേണ്ടി വരുമ്പോൾ ഇരുപത്തിനാല് മണിക്കൂറും ഹാർഡ് വർക്ക് ചെയ്യുക എന്നത് മാത്രമേയുള്ളൂ. റിയലിസ്റ്രിക് കോൺസെപ്ടിന് അവാർഡ് വേണമെന്ന് ശരിക്കും വാശിയുണ്ടായിരുന്നു. പുതിയ ആൾക്കാർക്ക് ഇതൊരു പ്രചോദനമാകും. ആർട്ടിൽ ജീവൻ തുടിക്കണം. എന്നാൽ അതിൽ ആർട്ട് കാണാനും പാടില്ല, ഇതാണ് എന്റെ രീതി. ഞാൻ കുട്ടനാട്ടുകാരനാണ്. അച്ഛൻ ആർ. കെ ശങ്കരൻ അദ്ധ്യാപകനാണ്. അമ്മ ശകുന്തള. രണ്ട് ചേട്ടന്മാരാണ്, ഭാര്യ ദേവിക നഴ്സാണ്. മകൻ അയാന് ഒന്നരമാസം ആയതേയുള്ളൂ. അവൻ ജനിച്ച് പത്താം ദിവസമാണ് അവാർഡ് കിട്ടുന്നത്. അത് മറ്റൊരു സന്തോഷം.