റാഞ്ചി : ജയിൽ ശിക്ഷയ്ക്ക് വിധിച്ച ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ( ആർ.ഐ.എം.എസ് ) ഡയറക്ടർക്ക് അനുവദിച്ചിട്ടുള്ള ബംഗ്ലാവിൽ സുഖവാസം.
ഒരു ദേശീയ മാദ്ധ്യമമാണ് ലാലുവിന്റെ പുതിയ വീഡിയോ പുറത്ത് വിട്ടത് . ബീഹാർ മുൻ മുഖ്യമന്ത്രിയായ ലാലു പ്രസാദ് യാദവ് രണ്ട് വർഷത്തോളമായി വിവിധ രോഗങ്ങൾക്ക് ആർ.ഐ.എം.എസിൽ ചികിത്സയിൽ കഴിയുകയാണ്. ബംഗ്ലാവിൽ ചുറ്റി നടക്കുന്ന ലാലുവിന്റെ വീഡിയോ ആണ് പുറത്തുവന്നത്.
2017ലാണ് കാലിത്തീറ്റ അഴിമതി കേസിൽ കുറ്റം തെളിയിക്കപ്പെട്ടതിനെ തുടർന്ന് ലാലു പ്രസാദ് യാദവിനെ റാഞ്ചിയിലെ ബിർസ മുണ്ട ജയിലിലേക്ക് മാറ്റിയത്. എന്നാൽ ആരോഗ്യനില ഗുരുതരമായെന്ന് കാട്ടി 2018 ഓഗസ്റ്റ് 29ന് ലാലുവിനെ ആർ.ഐ.എം.എസിലെ പേയിംഗ് വാർഡിൽ പ്രവേശിപ്പിച്ചു.
കൊവിഡ് സാഹചര്യം മുൻ നിറുത്തി ഓഗസ്റ്റ് 5നാണ് ലാലുവിനെ ആർ.ഐ.എം.എസ് ഡയറക്ടറുടെ ബംഗ്ലാവിലേക്ക് മാറ്റിയത്. ലാലു ചികിത്സയിൽ കഴിഞ്ഞിരുന്ന വാർഡിലെ സെക്യൂരിറ്റി ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് അദ്ദേഹത്തെ ബംഗ്ലാവിലേക്ക് മാറ്റുന്നതെന്ന് ആർ.ഐ.എം.എസ് ആക്ടിംഗ് ഡയറക്ടർ ഡോ. മഞ്ജു ഗാരി വ്യക്തമാക്കിയിരുന്നു.
ലാലു വരുമ്പോൾ ബംഗ്ലാവ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. എന്നാൽ പുതിയ ആർ.ഐ.എം.എസ് ഡയറക്ടർ ചുമതലയേറ്റിട്ടും ഡയറക്ടറുടെ ഔദ്യോഗിക വസതിയായ ബംഗ്ലാവിൽ നിന്നും ലാലുവിനെ മാറ്റി പാർപ്പിച്ചിട്ടില്ല. ഡയറക്ടർ ഇപ്പോൾ ഗസ്റ്റ് ഹൗസിലാണ് താമസം എന്നാണ് റിപ്പോർട്ട്.
ഒന്നാം യുപിഎ സർക്കാരിൽ റെയിൽവേ മന്ത്രി കൂടിയായിരുന്ന ലാലു 1990കളിൽ ബീഹാറിൽ നടന്ന കാലിത്തീറ്റ അഴിമതിക്കേസുമായി ബന്ധപ്പെട്ട് 2017 ഡിസംബർ മുതൽ നിയമനടപടികൾ നേരിട്ടുവരികയാണ്. എന്ത് സാഹചര്യത്തിലാണ് ലാലു ബംഗ്ലാവിൽ കഴിയുന്നതെന്ന് അറിയില്ലെന്നും സാഹചര്യങ്ങൾ മാറുമ്പോൾ ലാലുവിനെ ബംഗ്ലാവിൽ നിന്നും മാറ്റുമെന്ന് ഉറപ്പാണെന്നും ആർ.ഐ.എം.എസ് ഡയറക്ടർ ഡോ. കാമേശ്വർ പ്രസാദ് പറഞ്ഞു.