തിരുവനന്തപുരം: കേരളകോൺഗ്രസിന്റെ ചിഹ്നമായ 'രണ്ടില' സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ മരവിപ്പിച്ചു. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തിനും ജോസ് വിഭാഗത്തിനും ഈ ചിഹ്‌നം ഉപയോഗിക്കാൻ കഴിയില്ല. ജോസഫ് വിഭാഗത്തിന് ചിഹ്നം ചെണ്ടയാണ്. ജോസ് വിഭാഗത്തിന് ടേബിൾഫാനും ചിഹ്‌നമായി അനുവദിച്ചു.
മുൻപ് ജോസ് വിഭാഗത്തിന് രണ്ടില ചിഹ്‌നം തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരുന്നു. ഇന്നാൽ ഇതിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തീരുമാനം മരവിപ്പിച്ചു. കമ്മീഷന്റെ നിയമവിരുദ്ധമായ നടപടിയാണെന്ന് കാണിച്ച് നൽകിയ ഹർജിയിലാണ് തീരുമാനം. കെ.എം.മാണിയുടെ മരണത്തെ തുടർന്ന് പാർട്ടിയിൽ ഇരുവിഭാഗവും മേൽക്കൈ നേടാനായി ആരംഭിച്ച തർക്കം ഇപ്പോഴും തുടരുകയാണ്. ജോസ് വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയ നടപടി വരെയുണ്ടായി. തുടർന്ന് എൽ.ഡി.എഫിലെത്തിയ ജോസ് വിഭാഗം തദ്ദേശ തിരഞ്ഞെടുപ്പിൽ ഇനി ജനവിധി തേടുക ടേബിൾഫാൻ ചിഹ്നത്തിലാകും. കോട്ടയം,ഇടുക്കി, എറണാകുളം ജില്ലകളിൽ ജോസ് വിഭാഗത്തിന്റെ വോട്ട് ഇടത് മുന്നണിയ്‌ക്ക് വളരെ പ്രധാനമാണ്.