ചെന്നൈ: എൻ.ഡി.എയിൽ ചേരുന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കരുണാനിധിയുടെ മകൻ എം.കെ അഴഗിരി. തിങ്കളാഴ്ച ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ പാർട്ടി ഉന്നതാധികാരസമിതി യോഗം വിളിച്ചതിന് പിന്നാലെയാണ് അഴഗിരിയുടെ പ്രതികരണം. ഡി.എം.കെയുടെ തുടർനീക്കങ്ങൾ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം എടുക്കാനാണ് അഴഗിരിയുടെ നീക്കം.
പുതിയ പാർട്ടി രൂപീകരിച്ച് അണ്ണാ ഡി.എം.കെ- ബി.ജെ.പി സഖ്യത്തിലേക്ക് പോകുമെന്ന വാർത്തകൾ അഴഗിരി പൂർണമായി തള്ളി.
'പാർട്ടി രൂപീകരണത്തെക്കുറിച്ച് താൻ ആലോചിച്ചിട്ടില്ല. ആരൊക്കെയോ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ നവംബർ 21ന് ചെന്നൈയിലെത്തുന്ന അമിത്ഷായെ കാണും എന്ന പ്രചാരണവും അഴഗിരി തളളി.
അഴഗിരി എൻ.ഡി.എ യിലേക്ക് പോകുന്നുവെന്നറിഞ്ഞ ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിൻ വിശ്വസ്തനായ ഒരു നേതാവിനെ മധുരയിലേക്ക് അയച്ചിരുന്നു. ഈ നേതാവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അഴഗിരിയുടെ പരസ്യപ്രതികരണം. അഴഗിരിക്കായി എൻ.ഡി.എ ചരടുവലിക്കുന്നതിനാൽ അദ്ദേഹത്തെ ഡി.എം.കെയിൽ തിരിച്ചെടുക്കണമെന്ന് ഒരുവിഭാഗം പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്.