ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ പ്രസാധകനും നിഘണ്ടു പണ്ഡിതനുമായ എസ്.രാമകൃഷ്‌ണൻ (75) കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു.
ക്രിഎ പബ്ലിക്കേഷൻസ് എന്ന പ്രസാധക സംഘത്തിന്റെ സ്ഥാപകനായ എസ്. രാമകൃഷ്ണൻ പല പ്രമുഖ തമിഴ് എഴുത്തുകാരുടെയും വിദേശ എഴുത്തുകാരുടെയും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് നേതൃത്വം നൽകിയിരുന്നു.
1945 ൽ ചെന്നൈയിലെ ഒരു തെലുങ്ക് ബ്രാഹ്മണ കുടുംബത്തിലാണ് ജനനം. 1970ൽ സുഹൃത്തുക്കൾക്കൊപ്പം 'ക സ ഡ ത പ റ' എന്ന സാഹിത്യ പ്രസിദ്ധീകരണം ആരംഭിച്ചു. തമിഴ് സാഹിത്യ പ്രസിദ്ധീകരണ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ ഇതിന് കഴിഞ്ഞു.
1974 ൽ ക്രിഎ പ്രസാധക കമ്പനി സ്ഥാപിച്ചു. തമിഴ് പുസ്തക പ്രസാധന രംഗത്ത് ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ അദ്ദേഹത്തിനായി. 1992ൽ പ്രസിദ്ധീകരിച്ച തർകാല തമിഴ് അഗരാതിയാണ് (തമിഴ്-തമിഴ്-ഇംഗ്ലീഷ് നിഘണ്ടു) രാമകൃഷ്ണന്റെ ഏറ്റവും വലിയ സംഭാവനയായി പരിഗണിക്കപ്പെടുന്നത്. ഭാഷാശാസ്ത്ര പണ്ഡിതരുടെ സഹായത്തോടെ രാമകൃഷ്ണൻ തന്നെയാണ് നിഘണ്ടു എഡിറ്റ് ചെയ്തിരുന്നത്.