വാഷിംഗ്ടൺ: അമേരിക്കയിലെ നാലുസംസ്ഥാനങ്ങളിൽ ഫൈസർ കമ്പനിയുടെ കൊവിഡ് പ്രതിരോധ വാക്‌സിൻ 'ബി.എൻ.ടി162 ബി 2" പ്രാരംഭ വിതരണ നടപടികൾ ആരംഭിച്ചു. ടെക്‌സാസ്, ന്യൂമെക്‌സികോ, ടെന്നിസി, റോഡ്ഐലന്റ് സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട വിതരണം. ജർമ്മൻ പാർട്ണറായ ബയോൻടെക്കുമായി ചേർന്ന് ഫൈസർ നിർമ്മിച്ച വാക്സിൻ 90 ശതമാനവും ഫലപ്രദമാണെന്നും സുരക്ഷിതമാണെന്നും പരീക്ഷണങ്ങളിൽ തെളിഞ്ഞതായി അവർ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വാക്സിൻ വിതരണം ചെയ്യാൻ തീരുമാനിച്ചത്.
എന്നാൽ, വാക്‌സിൻ മൈനസ് 70 ഡിഗ്രിയിൽ സൂക്ഷിക്കുക വെല്ലുവിളിയാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു.
തങ്ങളുടെ വാക്‌സിൻ വിതരണം യു.എസിലെ മറ്റുസംസ്ഥാനങ്ങൾക്കും അന്താരാഷ്ട്ര സർക്കാരുകൾക്കും മാതൃകയാകുമെന്ന് ഫൈസർ അധികൃതർ പറയുന്നു. 100 ദശലക്ഷം ഡോസുകളുടെ വിതരണ കരാറാണ് യു.എസുമായി ഫൈസർ ഉണ്ടാക്കിയിരിക്കുന്നത്.
റഫ്രിജറേറ്റർ താപനില മതി
അമേരിക്കൻ കമ്പനിയായ മൊഡേണ വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്സിന് സാധാരണ റഫ്രിജറേറ്റർ താപനില മതിയെന്ന് കമ്പി. 30 ദിവസം വരെ ഇത്തരത്തിൽ സൂക്ഷിക്കാൻ കഴിയും.ഫൈസർ പോലുള്ള കമ്പനികൾ വാക്സിന് മൈനസ് 70 ഡിഗ്രി താപനില വേണമെന്ന് പറയുന്നതിനിടെയാണ് മൊഡേണയുടെ പ്രഖ്യാപനം.
യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്തിന്റെ സഹകരണത്തോടെയാണ് മൊഡേണയുടെ ഉത്പാദനം.
50 ലക്ഷം വാക്സിൻ ഉറപ്പാക്കി ബ്രിട്ടൻ
മൊഡേണ കമ്പനി ഉത്പാദിപ്പിച്ച 50ലക്ഷം ഡോസ് വാക്സിൻ ഉറപ്പാക്കി ബ്രിട്ടൻ. പരീക്ഷണങ്ങൾ വിജയകരമായാൽ അടുത്തമാസം തന്നെ വാക്സിൻ വിതരണം ചെയ്യുമെന്ന് ബ്രിട്ടീഷ് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തങ്ങളുടെ വാക്സിൻ 94.5 ശതമാനം കാര്യക്ഷമമാണെന്ന് മൊഡേണ പ്രഖ്യാപിച്ചിരുന്നു. അടുത്തമാസം അവസാനത്തോടെ 20 ദശലക്ഷം ഡോസുകൾ കയറ്റി അയയ്ക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും മൊഡേണ വ്യക്തമാക്കി. തങ്ങൾ മൊഡേണ കമ്പനിയുമായി പ്രാരംഭ കരാറിൽ ഏർപ്പെട്ട വിവരം സന്തോഷത്തോടെ അറിയിക്കുന്നു എന്നാണ് ബ്രിട്ടീഷ് ആരോഗ്യ മന്ത്രി മാറ്റ് ഹാൻകോക്ക് അറിയിച്ചത്. ഫൈസർ ഉൾപ്പെടെ ആറ് വ്യത്യസ്ത കമ്പനികളുമായി 350 മില്യൺ ഡോസുകളുടെ കരാറാണ് ബ്രിട്ടൻ നടത്തിയിരിക്കുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടം പല രാജ്യങ്ങളിലും തുടങ്ങിയ സാഹചര്യത്തിൽ വാക്സിൻ വിതരണം തുടങ്ങുന്നുവെന്ന വാർത്ത വലിയ ശുഭപ്രതീക്ഷയാണ് ലോകത്തിന് നൽകുന്നത്.