un

ന്യൂയോർക്ക്: പുനഃസംഘടനാ പ്രവർത്തനങ്ങളുടെ പുരോഗതി നിലച്ചതോടെ ഐക്യരാഷ്ട്ര സംഘടനാ സുരക്ഷാ സമിതി 'കേടു ബാധിച്ച അവയവ'മായി മാറിയിരിക്കുകയാണെന്ന് ഇന്ത്യ. 75-ാം മത് ഐക്യരാഷ്ട്ര സഭാ പൊതു സമ്മേളനത്തിലാണ് ആഗോളതലത്തിലെ യു.എൻ സുരക്ഷാ സമിതിയുടെ അപാകതകൾ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരാംഗം ടി.എസ്. തിരുമൂർത്തി തുറന്നുകാട്ടിയത്.

'നിലവിലെ സുരക്ഷാസമിതി കേടുവന്ന ഒരു അവയവത്തിന് തുല്യമാണ്. ആഗോളതലത്തിലെ സുരക്ഷാ വിഷയങ്ങളിലൊന്നും ക്രിയാത്മകമായ ഒരു നിലപാടും എടുക്കാനുള്ള ശക്തി പ്രകടമാക്കുന്നില്ല. പ്രധാന രാജ്യങ്ങളുടെ പങ്കാളിത്തം ഇല്ലാത്തതാണ് ശക്തിയില്ലാതെ വിഷമിക്കുന്നതിന്റെ കാരണം. ഇന്ത്യ വർഷങ്ങളായി ഐക്യരാഷ്ട്രസഭയുടെ സ്ഥിരാംഗത്വത്തിനായി പരിശ്രമിക്കുകയാണ്. വിവിധ രാജ്യങ്ങളുടെ ഭരണകൂടങ്ങൾക്കിടയിലെ സംവാദങ്ങൾ സജീവമാകണം. വൻകിട രാജ്യങ്ങൾ നിർണായക വിഷയങ്ങളിൽ മുതലക്കണ്ണീരാണ് ഒഴുക്കുന്നത്. ചെറുരാജ്യങ്ങളുടെ കാതലായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരും മുന്നിട്ടിറങ്ങുന്നില്ല.

പരമാധികാര രാഷ്ട്രങ്ങൾ അംഗങ്ങളായുള്ള സുരക്ഷാസമിതിയുടെ ഐ.ജി.എന്നിന്റെ (Inter-Governmental Negotiations)യോഗങ്ങളിലെ ചർച്ചകളെല്ലാം വെറും പുകമറ സൃഷ്ടിക്കലാണ്. നവീകരണം നടപ്പാക്കണമെന്ന പ്രസ്താവനകൾ ഉയരുന്നതല്ലാതെ പതിറ്റാണ്ടായി ഐ.ജി.എന്നിൽ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നും അതിന്റെ പ്രവർത്തനങ്ങളോ രേഖകളോ സുവ്യക്തമല്ല.

പാകിസ്ഥാനെ പോലുള്ള രാജ്യങ്ങൾ ഒരു പ്രാധാന്യവും അർഹിക്കാത്ത വിഷയങ്ങൾ സംസാരിക്കുന്നതിനോട് പ്രതികരിച്ച് സഭയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താൻ ഇന്ത്യയ്ക്കാവില്ലെന്നും തിരുമൂർത്തി വ്യക്തമാക്കി. സമ്മേളനത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്രസഭ ആഗോള രാജ്യങ്ങളുടെ പൊതു വിഷയങ്ങളെ അഭിമുഖീകരിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നുവെന്ന് രൂക്ഷമായി വിർമശിച്ചിരുന്നു.

സഭയിൽ ആഫ്രിക്കയുടെ പ്രാതിനിദ്ധ്യം കൂടുതൽ ഉറപ്പു വരുത്തുന്നതിനുള്ള നിലവിലെ ആവശ്യത്തിനൊപ്പം സുരക്ഷാസമിതിയിലും ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ പ്രാതിനിദ്ധ്യം വർദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.