thavasi

തമിഴ് നടന്‍ തവസിക്ക് ചികിത്സാ സഹായവുമായി മക്കൾ സെൽവൻ വിജയ് സേതുപതി. ക്യാൻസർ രോഗബാധയെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ദുരിതത്തിലായിരുന്ന തവസി സഹായം അഭ്യര്‍ഥിച്ച് വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോ വെെറലായതിന് പിന്നാലെയാണ് ഒരു ലക്ഷം രൂപ അടിയന്തര സഹായമായി വിജയ് സേതുപതി നൽകിയത്.

ഇതിനൊപ്പം തവസിയുടെ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാമെന്ന് നടന്‍ ശിവകാര്‍ത്തികേയൻ അറിയിക്കുകയും ഫാൻ ക്ലബ് മുഖേനെ 25,000 രൂപ അടിയന്തര സഹായം നൽകുകയും ചെയ്‌തു.

‘30 വര്‍ഷത്തോളമായി സിനിമാരംഗത്തുണ്ട്. ഈ രോഗം വരുമെന്നു ഒരിക്കലും കരുതിയില്ല. ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. ശരിയായി സംസാരിക്കാന്‍ പറ്റുന്നില്ല. സഹപ്രവര്‍ത്തകരും സന്‍മനസുള്ളവരും കഴിയും വിധം സഹായിക്കണം. അഭിനയത്തിലേക്കു തിരിച്ചു വരാന്‍ സഹായിക്കണം’ വീഡിയോയില്‍ സഹായം അഭ്യർത്ഥിച്ചു കൊണ്ട് തവസി പറഞ്ഞു.

ഹാസ്യ,വില്ലൻ കഥാപാത്രങ്ങളിലൂടെ തമിഴ് സിനിമയിൽ ശ്രദ്ധേയമായ തവസി കാന്‍സര്‍ ബാധിതനായതോടെ തിരിച്ചറിയാന്‍ പോലും സാധിക്കാതെ രൂപത്തിൽ ആശുപത്രിയില്‍ കഴിയുകയാണ്. ശിവകാർത്തികേയൻ നായകനായ 'വരുത്തപ്പെടാത്ത വാലിബർ സംഘം', 'അഴകർ സാമിയിൻ കുതിരെ' എന്നീ ചിത്രങ്ങളിൽ തവസി അഭിനയിച്ചിട്ടുണ്ട്.