വൈറസ് ബാധ ബ്രസീലിനെതിരെ കളിക്കാനിരിക്കേ, ബാഴ്സലോണയ്ക്ക് എതിരായ മത്സരവും നഷ്ടമാകും
മോണ്ടിവിഡിയോ : ബ്രസീലിനും ബാഴ്സലോണയ്ക്കും എതിരായ മത്സരങ്ങളിൽ കളിക്കാനിരിക്കെ സ്പാനിഷ് ഫുട്ബാൾ ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഉറുഗ്വേയൻ സൂപ്പർ താരം ലൂയിസ് സുവാരേസിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ഉറുഗ്വേ ഫുട്‌ബാൾ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത് .
സുവാരേസിന് പുറമെ ഗോൾകീപ്പർ റോഡ്രിഗോ മൗനോസ്, ഓഫീഷ്യൽ മത്യാസ് ഫറാൽ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആരുടെയും ആരോഗ്യസ്ഥിതിയിൽ കുഴപ്പമൊന്നുമില്ലെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉറുഗ്വേ ഫുട്‌ബോൾ അസോസിയേഷൻ വ്യക്തമാക്കി.
ഇന്ന് വെളുപ്പിനാണ് ബ്രസീലിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരം . ശനിയാഴ്ചയാണ് സ്പാനിഷ് ലീഗില്‍ തന്റെ മുൻ ക്ലബ്ബ് ബാഴ്‌സലോണയുമായുള്ള മത്സരം. കഴിഞ്ഞ സീസണിന് ശേഷമാണ് സുവാരേസ് ബാഴ്സലോണ വിട്ട് അത്‌ലറ്റിക്കോ മാഡ്രിഡിൽ ചേക്കേറാൻ നിർബന്ധിതനായത്.