സിഡ്നി: കൊവിഡ് മഹാമാരിക്കു പിന്നാലെ അഞ്ചാം പനി വ്യാപകമാകാൻ സാദ്ധ്യതയുണ്ടെന്ന് പഠന റിപ്പോർട്ട്. മെഡിക്കൽ ജേർണലായ ദി ലാൻഡ് സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് അഞ്ചാം പനിക്കെതിരെ ജാഗ്രത വേണമെന്ന റിപ്പോർട്ടുള്ളത്. കൊവിഡ് രൂക്ഷമായതിനാൽ അഞ്ചാം പനി പ്രതിരോധ വാക്സിൻ വിതരണം ഇക്കുറി കാര്യക്ഷമമായിരുന്നില്ല. ആശുപത്രിയിൽ പോകുന്നതിനു പോലും വിലക്കുണ്ടായിരുന്നത് വാക്സിൻ വിതരണത്തെ കാര്യക്ഷമമായി ബാധിച്ചിരുന്നു. ഇതുകാരണം നിരവധി കുഞ്ഞുങ്ങൾക്ക് കുത്തിവയ്പ്പ് നടത്തിയില്ലെന്നും റിപ്പോർട്ടിലുണ്ട്. കൊവിഡിനെ പോലെ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന വൈറസ് അടുത്ത വർഷം തുടക്കത്തിൽ തന്നെ കുട്ടികളെ അസുഖബാധിതരാക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. കുട്ടികൾക്ക് കുത്തിവയ്പ്പ് ഉറപ്പാക്കുന്നതിൽ രാജ്യാന്തര സഹകരണം വേണമെന്നും അല്ലെങ്കിൽ രോഗം വരും വർഷങ്ങളിൽ പടർന്നുപിടിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ആസ്ട്രേലിയയിലെ മർഡോക് ചിൽഡ്രൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ കിം മൽഹോളണ്ടിന്റെ നേതൃത്വത്തിലായിരുന്നു പഠന റിപ്പോർട്ട് തയാറാക്കിയത്.